ജിദ്ദ: സൗദിക്കകത്തുള്ളവരും പുറത്തുള്ളവരുമായ വിദേശികളുടെ ഇഖാമകള്‍ സൗജന്യമായി പുതുക്കി തുടങ്ങി. മൂന്ന് മാസത്തേക്കാണ് ഇഖാമകള്‍ പുതുക്കുന്നത്. ജവാസാത്തില്‍ പോകാതെയും ഓണ്‍ലൈന്‍ സന്ദര്‍ശിക്കാതെയും സ്വമേധയാ ഇഖാമ പുതുക്കി തുടങ്ങിയിട്ടുണ്ട്.

സൗദി ഭരണകൂടം പ്രഖ്യാപിച്ച ആനുകൂല്യങ്ങളുടെ ഭാഗമായാണ് സൗജന്യമായി ഇഖാമ പുതുക്കുന്നത്. കൊറോണമൂലം സ്വകാര്യ മേഖലയില്‍ സംജാതമായ പ്രതിസന്ധി കുറക്കുവാനാണ് വിദേശ തൊഴിലാളികളുടെ താമസ രേഖയായ ഇഖാമകള്‍ പുതുക്കി നല്‍കുന്നത്. ഇഖാമ, റി എന്‍ട്രിയില്‍ സൗദിക്കുവെളിയില്‍പോയവരുടെ റി എന്‍ട്രി വിസ, വിസിറ്റിംഗില്‍ വന്ന് സൗദിയില്‍ കുടുങ്ങിയവരുടെ വിസിറ്റിംഗ് വിസ എന്നിവയും സൗജന്യമായി പുതുക്കുമെന്നായിരുന്നു സൗദി അധികൃതര്‍ അറിയിച്ചിരുന്നത്.