ജിദ്ദ: സ്ത്രീകളുടെ ആത്മാഭിമാനത്തെയും വ്യക്തിത്വത്തെയും ചോദ്യം ചെയ്യുന്ന സ്ത്രീധന സമ്പ്രദായം സാക്ഷര കേരളത്തിന് അപമാനകരമാണെന്ന് സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ദേശീയ പ്രവര്‍ത്തക സംഗമം അഭിപ്രായപ്പെട്ടു.

സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ദേശീയ സമിതിയുടെ നേതൃത്വത്തില്‍ സൗദിയിലെ വിവിധ പ്രവിശ്യകളിലെ ഇസ്ലാഹി സെന്റര്‍ പ്രവര്‍ത്തകരുടെ സംയുക്ത സംഗമത്തില്‍ അവതരിപ്പിച്ച പ്രമേയത്തിലാണ് ഇസ്ലാഹി സെന്റര്‍ ഈ വിഷയത്തില്‍ ശക്തമായ അഭിപ്രായം രേഖപ്പെടുത്തിയത്.
സ്ത്രീയെ സമൂഹത്തിന്റെ പാതിയായി കാണുന്നതിന് പകരം വെറുമൊരു ഉപഭോഗവസ്തുവായി കാണുന്ന പ്രാകൃതസംസ്‌കാരം വെച്ചുപുലര്‍ത്തുന്ന വര്‍ത്തമാന കേരളം, കാലം മുന്നോട്ടു നീങ്ങുമ്പോഴും പിറകോട്ട് സഞ്ചരിക്കാന്‍ വെമ്പല്‍ കൊള്ളുകയാണ്. സ്ത്രീധന സമ്പ്രദായം വിദ്യാസമ്പന്നതയില്‍ അഭിമാനം കൊള്ളുന്ന മലയാളി സമൂഹത്തെ സംബന്ധിച്ച് തികച്ചും ലജ്ജാവഹം തന്നെയാണ്.

സ്ത്രീധനത്തെ മതപരമായ തെളിവുകള്‍ മുന്‍നിര്‍ത്തി നഖശിഖാന്തം എതിര്‍ത്തുപോന്ന ഇസ്ലാഹി പ്രസ്ഥാനത്തിന്റെ പോരാട്ടം അവസാനിപ്പിക്കാന്‍ സമായമായിട്ടില്ല. ഇനിയും ഒരു പെണ്‍ജീവന്‍ കൂടി ഹോമിക്കപ്പെടാതിരിക്കാന്‍ സ്വസമുദായത്തിലും സഹോദര സമുദായങ്ങളിലും ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കേണ്ടതുണ്ട്. സ്ത്രീധന രഹിതമായ വിവാഹത്തിന് സന്നദ്ധരാകുന്ന യുവജനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാരും സന്നദ്ധ സംഘടനകളും മുന്നോട്ടു വരണമെന്നും സംഗമത്തില്‍ സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ആവശ്യപ്പെട്ടു.

സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ദേശീയ സമിതി പ്രസിഡന്റ് ഫാറൂഖ് സ്വലാഹിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംഗമത്തില്‍ എം.ടി.മനാഫ് മാസ്റ്റര്‍, കെഎല്‍പി ഹാരിസ്, എം അഹ്മദ് കുട്ടി മദനി എടവണ്ണ എന്നിവര്‍ പ്രഭാഷണം നടത്തി. ജി സി സി ഇസ്ലാഹി കോ-ഓഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സലാഹ് കാരാടന്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.

ഫോക്കസ് മെംബര്‍ഷിപ്പ് ക്യാമ്പയിനെക്കുറിച്ച് ജരീര്‍ വേങ്ങരയും വെളിച്ചം സൗദി ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ ഷാജഹാന്‍ ചളവറയും വിശദീകരിച്ചു. യൂസുഫ് തോട്ടശ്ശേരി പ്രമേയവതരിപ്പിച്ചു. അസ്‌കര്‍ ഒതായി സ്വാഗതവും സലിം കടലുണ്ടി നന്ദിയും പറഞ്ഞു.