റിയാദ്: വൈറസിന്റെ തുടര്‍ച്ചയായ പരിവര്‍ത്തനവും പല രാജ്യങ്ങളിലും വാക്സിനുകള്‍ വിതരണം ചെയ്യുന്നതിലെ കാലതാമസവുമാണ് ഹജ്ജ് സീസണ്‍ എങ്ങനെയായിരിക്കുമെന്ന് പ്രഖ്യാപിക്കുന്നതില്‍ കാലതാമസത്തിന് കാരണമായതെന്ന് സൗദി വാണിജ്യ മന്ത്രിയും മീഡിയ ആക്ടിംഗ് മന്ത്രിയുമായ മാജിദ് അല്‍ ഖസാബി പറഞ്ഞു. ഈ വര്‍ഷത്തെ ഹജജ് സീസണിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ആരോഗ്യ, ഹജജ് മന്ത്രിമാര്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് അല്‍ ഖസാബി വെളിപ്പെടുത്തി.

സൗദി അറേബ്യയില്‍ കൊറോണ വൈറസ് വാക്സിന്‍ നിര്‍ബന്ധമല്ലെന്ന് മാജിദ് അല്‍ ഖസാബി പറഞ്ഞു. വൈറസിന്റെ പരിവര്‍ത്തനങ്ങളും വാക്സിനുകളുമായി ബന്ധപ്പെട്ട അനിശ്ചിതത്വവും സൗദിയില്‍ കോവിഡ് വാക്സിന്‍ കാലതാമസത്തിന് കാരണമായതായി മാജിദ് അല്‍ ഖസാബി ഈ വര്‍ഷത്തെ ഹജ്ജിന്റെ വിശദാംശങ്ങള്‍ പ്രഖ്യാപിക്കുന്നവേളയില്‍ പറഞ്ഞു.

രാജ്യത്തെ ജനസംഖ്യയുടെ 40% ഇതുവരെ കുത്തിവെയ്പ് നടത്തിയതായി അല്‍ ഖസാബി ഞായറാഴ്ച പത്രസമ്മേളനത്തില്‍ അറിയിച്ചു.

'നമുക്ക് ഒരുമിച്ച് ജീവിക്കണമെങ്കില്‍, മാര്‍ക്കറ്റുകളില്‍ പോകണമെങ്കില്‍, സ്‌കൂളുകളിലേക്കും ജോലികളിലേക്കും മടങ്ങണമെങ്കില്‍ വാക്സിന്‍ എടുക്കണം'', മന്ത്രി പറഞ്ഞു. ഇതുവരെ 15 ദശലക്ഷം ഡോസുകളാണ് സൗദിയില്‍ വിതരണം ചെയ്തതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സകാക സോളാര്‍ പവര്‍ പ്ളാന്റിന്റെ ഓപ്പറേറ്റിംഗ് ടീമില്‍ 97 ശതമാനവും സൗദികളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആഗോള അഴിമതിക്കെതിരായ റിയാദ് സംരംഭം യുഎന്‍ സ്വീകരിച്ചത് സുപ്രധാനമായ ഒരു നല്ല നടപടിയാണെന്ന് അല്‍-ഖസബി വിശേഷിപ്പിച്ചു.

പാരിസ്ഥിതിക ആശങ്ക അളക്കുന്നതില്‍ 167 രാജ്യങ്ങളില്‍ ആഗോള റാങ്കുകളില്‍ മിന മേഖലയില്‍ സൗദി അറേബ്യ ഒന്നാമതാണ് മുന്നേറുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പലസ്തീന്‍ ലക്ഷ്യത്തെക്കുറിച്ചും പലസ്തീന്‍ ജനതയുടെ അവകാശങ്ങളെക്കുറിച്ചും സൗദി അറേബ്യയുടെ ഉറച്ച നിലപാടിനെക്കുറിച്ച് മന്ത്രി ഊന്നിപറഞ്ഞു.