റിയാദ്‌: സൗദിയില്‍ വിദേശികള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നു. റോഡുകളില്‍ വാഹനങ്ങളുടെ എണ്ണം കുറക്കുന്നതിന് ഡ്രൈവര്‍ വിസയിലല്ലാതെ വിദേശികള്‍ക്ക് ലൈസന്‍സ് നിയന്ത്രിക്കാനാണ് ട്രാഫിക് ഡയറക്ടറേറ്റ് ആലോചിക്കുന്നത്.

നിലവില്‍ വിദേശികള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കുന്നതിന് നിയന്ത്രണങ്ങളില്ല. ഒരു കോടി 10 ലക്ഷം വിദേശികള്‍ സൗദിയില്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. വിദേശികള്‍ക്ക് ലൈസന്‍സ് നിയന്ത്രിക്കുന്നതിലൂടെ നിരത്തുകളില്‍ വാഹനങ്ങളുടെ എണ്ണം കുറക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ഇതു സംബന്ധിച്ച കൂടിയാലോചനകള്‍ ഗതാഗത മന്ത്രാലയവുമായി നടന്നു വരുകയാണെന്ന് ട്രാഫിക് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ബസ്സാമി പറഞ്ഞു.

ജി.സി.സി രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ വാഹനാപകട നിരക്കുളള രാജ്യം സൗദി അറേബ്യയാണ്. ലൈസന്‍സ് നിയന്ത്രിക്കുന്നതിലൂടെ അപകട നിരക്കു കുറക്കാനും ഗതാഗതം സുഗമമാക്കാനും കഴിയുമെന്നാണ് ട്രാഫിക് ഡയരക്ടറേറ്റിന്റെ കണക്കുകൂട്ടല്‍. തൊഴിലും വരുമാനവും പരിഗണിക്കാതെ വിദേശികള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കുന്നത് വാഹനങ്ങള്‍ വര്‍ധിക്കാന്‍ ഇടയായിട്ടുണ്ട്. യോഗ്യത, ജോലി, ശമ്പളം എന്നിവയുടെ അടിസ്ഥാനത്തില്‍ വിദേശികള്‍യ്ക്ക് ഡ്രൈവിംഗ് അനുവദിച്ചാല്‍ മതിയെന്നാണ് നിര്‍ദേശം.

അതേസമയം അടുത്ത വര്‍ഷം മുതല്‍ വനിതകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. വനിതകളും വാഹനങ്ങളുമായി  നിരത്തിലിറങ്ങുമ്പോള്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് വിദേശികള്‍ക്കുളള ഡ്രൈവിംഗ് ലൈസന്‍സ് നിയന്ത്രിക്കാനാണ് നീക്കം നടക്കുന്നത്.