ജിദ്ദ: 2021 രണ്ടാം പകുതിയില്‍ സൗദി അറേബ്യയിലെ വിദേശികള്‍ക്ക് നല്‍കിയ തൊഴില്‍ വിസകള്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 50.5 ശതമാനം ഉയര്‍ന്നു. 3,19,954 വിസകളുടെ വര്‍ധനവാണ് ഇത് സൂചിപ്പിക്കുന്നത്. ഈ വര്‍ഷം ആദ്യ പകുതി അവസാനിക്കുമ്പോള്‍ മൊത്തം നൽകിയ വിസകളുടെ എണ്ണം 9,53,000ത്തിലധികം വരും. പ്രതിദിനം ശരാശരി 7,944 വിസകള്‍ എന്ന തോതിലാണ് സൗദി അറേബ്യ വിസ വിതരണം ചെയ്തതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിറ്റിക്സിന്റെ കണക്കുപ്രകാരം, ഈ വര്‍ഷം ആദ്യ പാദത്തിന്റെ അവസാനത്തില്‍ ഇഷ്യൂചെയ്ത 5,12,000 വിസകളുമായി താരതമ്യം ചെയ്യുമ്പോള്‍ രണ്ടാം പാദത്തില്‍ ഇഷ്യൂചെയ്ത വിസകളുടെ എണ്ണം 4,40,000 ആയി കുറഞ്ഞു.

2021 ആദ്യ പാദത്തില്‍ പുരുഷന്മാര്‍ക്ക് നല്‍കിയ തൊഴില്‍ വിസകള്‍ ഏകദേശം 4,00,000 ആയിരുന്നു. അതേസമയം സ്ത്രീകള്‍ക്ക് 1,11,000 വിസകളും നൽകി. ഈ വര്‍ഷം ആദ്യപാദത്തില്‍ സ്വകാര്യമേഖലയ്ക്ക് നല്‍കിയ വിസകളുടെ എണ്ണം 2,98,000 മാണ്. വീട്ടുജോലിക്കാര്‍ക്ക് 2,12,000 വിസകളും വിതരണം ചെയ്തു. അതേസമയം സര്‍ക്കാര്‍ മേഖലയ്ക്ക് 1,000 വിസകള്‍ മാത്രമാണ് വിതരണം ചെയ്തത്.

2020 രണ്ടാം പാദത്തില്‍ നൽകിയ 39,000 വിസകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വര്‍ഷം രണ്ടാം പാദത്തില്‍, പുരുഷന്മാര്‍ക്ക് നല്‍കിയ തൊഴില്‍ വിസകള്‍ വര്‍ഷം തോറും 763.1% വര്‍ദ്ധിച്ച് 3,40,000 വിസകളായി ഉയര്‍ന്നു. 2020 ലെ രണ്ടാം പാദത്തില്‍ 10,000 വിസകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ സ്ത്രീകള്‍ക്ക് നല്‍കുന്ന തൊഴില്‍ വിസകളും 1,00,000 ആയി ഉയര്‍ന്നു.