റിയാദ്: സൗദി അറേബ്യയില്‍ ഇന്നു പ്രാബല്യത്തില്‍ വന്ന മൂല്യ വര്‍ധിത നികുതി ടെലിഫോണ്‍ സേവനങ്ങള്‍ക്കു ബാധകമാണെന്ന് അധികൃതര്‍ അറിയിച്ചു. മൊബൈല്‍ ഫോണ്‍ റീചാര്‍ജ് വൗചറുകള്‍ക്ക് 5 ശതമാനം നികുതി ഈടാക്കിയതിന് ശേഷമുളള തുകയായിരിക്കും ബാലന്‍സായി പരിഗണിക്കുകയെന്ന് ടെലിഫോണ്‍ കമ്പനികള്‍ വ്യക്തമാക്കി. 

പോസ്റ്റ് പെയ്ഡ്, പ്രീപെയ്ഡ് ഉള്‍പ്പെടെ മുഴുവന്‍ ടെലിഫോണ്‍ സേവനങ്ങള്‍ക്കും വാറ്റ് ബാധകമാണ്. പോസ്റ്റ് പെയ്ഡ് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് വാറ്റ് നിരക്ക് ഉള്‍പ്പെടുത്തിയ ഇന്‍വോയ്സായിരിക്കും ഈ മാസം മുതല്‍ വിതരണം ചെയ്യുക.  പ്രീ പെയ്ഡ് മൊബൈല്‍ വരിക്കാര്‍ 10 റിയാലിന് റീ ചാര്‍ജ് ചെയ്താല്‍ 9.52 റിയാലിന്റെ ബാലന്‍സാണ് ഇന്നു മുതല്‍ ലഭ്യമാക്കിയത്. 48 ഹലാല വാറ്റ് നിരക്കായി ഈടാക്കും. 400 റിയാലിന്റെ പോസ്റ്റ് പെയ്ഡ് പാക്കേജ് ഉപയോഗിക്കുന്നവര്‍ നികുതി ഇനത്തില്‍ 20 റിയാല്‍ അധികം അടക്കണം. 

അതേസമയം, റീ ചാര്‍ജ് വൗചറുകള്‍ക്ക് വില വര്‍ധിപ്പിക്കുന്നത് നിരീക്ഷിക്കുമെന്ന് കമ്യൂണിക്കേഷന്‍ ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി കമ്മീഷന്‍ വക്താവ് ആദില്‍ അബു ഹുമൈദ് പറഞ്ഞു.