റിയാദ്: വിദേശ തൊഴിലാളികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ലെവി ബാധകമാക്കിയതോടെ സൗദിയിലെ റിയല്‍ എസ്റ്റേറ്റ് മേഖല കടുത്ത പ്രതിസന്ധിയിലെന്ന് റിപ്പോര്‍ട്ട്. പട്ടണങ്ങളിലും വിദേശികള്‍ ധാരാളമുളള പ്രവിശ്യകളിലും കെട്ടിട വാടക 40 ശതമാനം വരെ കുറഞ്ഞു വരുകയാണ്.

വിദേശികള്‍ക്ക് ലെവി ബാധകമാക്കിയതോടെ ഫൈനല്‍ എക്സിറ്റ് നേടുന്നവരുടെ എണ്ണം വര്‍ധിച്ചുവരുകയാണ്. അടുത്ത വര്‍ഷത്തോടെ 12 മേഖലകളില്‍ സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ കൂടുതല്‍ വിദേശികളാണ് രാജ്യം വിടുന്നത്. ഇത് കെട്ടിടങ്ങളുടെ വാട ഇനിയും കുറയാന്‍ സാധ്യതയുണ്ടെന്ന് ജദ്വ ഇന്‍വെസ്റ്റ്മെന്റ് കമ്പനി പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. 

പെട്രോള്‍, ജലം, വൈദ്യുതി എന്നിവക്കു സബ്സിഡി എടുത്തു കളഞ്ഞതോടെ ചെലവ് വര്‍ധിച്ചതും വിദേശികളെ രാജ്യം വിടാന്‍ പ്രേരിപ്പിക്കുന്നുണ്ട്. ഇതിന് പുറമെ സ്വദേശികള്‍ക്ക് താമസിക്കാനുള്ള പാര്‍പ്പിട പദ്ധതി ആരംഭിച്ചതോടെ അപ്പാര്‍ട്ടുമെന്റുകള്‍ക്ക് ആവശ്യക്കാര്‍ ഗണ്യമായി കുറഞ്ഞു. ഇതോടെ വാടക കുറച്ചു നല്‍കിയിട്ടും പ്രധാന പട്ടണങ്ങളില്‍ ഫാമിലി ഫ്ളാറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. 

നിലവില്‍ താമസിച്ചുകൊണ്ടിരിക്കുന്നവരെ തുടരാന്‍ പ്രേരിപ്പിക്കുന്നതിന് റിയല്‍ എസ്റ്റേറ്റ് ഓഫീസുകള്‍ 25 മുതല്‍ 40 ശതമാനം വരെ വാടക ഇളവു നല്‍കുന്നുണ്ട്. ചിലര്‍ നാലു മാസം സൗജന്യ താമസവും വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നിട്ടും താമസക്കാരെ കിട്ടാത്ത സാഹചര്യമാണ് റിയല്‍ എസ്റ്റേറ്റ് ഓഫീസുകളെ പ്രതിസന്ധിയിലാക്കുന്നത്.