റിയാദ്: സൗദിയില്‍ ജോലിചെയ്യുന്ന വിദേശ തൊഴിലാളികളുടെ വര്‍ക്ക് പെര്‍മിറ്റും തിരിച്ചറിയല്‍ രേഖയായ ഇഖാമയും ഇനിമുതല്‍ മൂന്ന് മാസത്തേക്ക് പുതുക്കാനാകും. ഇതുസംബന്ധിച്ച് സൗദി മന്ത്രി സഭ അംഗീകാരം നല്‍കി. നേരത്തെ കുറഞ്ഞത് ഒരുവര്‍ഷത്തേക്കായിരുന്നു നല്‍കിയിരുന്നത്.
ഒരു വര്‍ഷത്തേക്കുള്ള ലെവി തുക ഒടുക്കിയാല്‍ ആയിരുന്നു ഇതുവരെ ഇക്കാമ ലഭിച്ചിരുന്നത്. എന്നാല്‍ മന്ത്രിസഭ അംഗീകാരപ്രകാരം 3 മാസത്തേക്കുള്ള ലെവി തുക ഒടുക്കി 3 മാസത്തേക്കു ഇക്കാമ പുതുക്കാനാകും. ചില പ്രത്യേക സാഹചര്യത്തില്‍ തൊഴിലുടമക്കും തൊഴിലാളികള്‍ക്കും ഈ തീരുമാനം ഏറെ ഉപകാരപ്പെടുമെന്ന് വിലയിരുത്തപ്പെടുന്നു.

അടുത്ത മാര്‍ച്ച് മുതല്‍ വിദേശ തൊഴിലാളികള്‍ക്ക് സ്പോണ്‍സറുടെ അനുമതിയില്ലാതെ സൗദിക്കുവെളിയില്‍ പോകുവാനും സ്പോണ്‍സര്‍ഷിപ്പ് മാറുവാനും അനുമതിയാകും.

ഈ സാഹചര്യത്തിലാണ് ഇക്കാമയും തൊഴില്‍ പെര്‍മിറ്റും മൂന്ന്  മാസത്തേക്കു പുതുക്കാനുള്ള അനുമതി നല്‍കുന്നത്. എന്നാല്‍ വീട്ടുവേലയുമായി ബന്ധപ്പെട്ട വിദേശ തൊഴിലാളികള്‍ക്ക് മൂന്നുമാസത്തേക്കുമാത്രമായി ഇക്കാമ പുതുക്കാനാവില്ല. ഇവര്‍ കുറഞ്ഞത് 600 റിയാല്‍ ഫീസ് നല്‍കി ഒരുവര്‍ഷത്തേക്കുതന്നെ പുതുക്കണം.