ജിദ്ദ: ഇന്ന് സൗദിയുടെ 91-ാമത് ദേശീയ ദിനം. ആഘോഷത്തിന് പൊലിമയേകാന്‍ ഇത്തവണ നേരത്തെതന്നെ വിവിധ പ്രവിശ്യകള്‍ ഒരുക്കം തുടങ്ങിയിരുന്നു. ''സൗദി അറേബ്യ ഞങ്ങള്‍ക്ക് വീട്'' എന്ന ബാനറിലാണ് ഇത്തവണ ദേശീയ ദിനം ആഘോഷിക്കുന്നത്.
വിപുലവും വൈവിധൃങ്ങളുമായ പരിപാടികളാണ് ദേശീയദിനത്തോടനുബന്ധിച്ച് ഒരുക്കിയിട്ടുള്ളത്. തെരുവുകളെല്ലാം അലങ്കാര ദീപങ്ങള്‍കൊണ്ട് പ്രഭ ചൊരിയുകയാണ്.

വ്യാഴാഴ്ച വൈകുന്നേരം നാല് മണിക്ക് റിയാദില്‍ എയര്‍ഷോ സംഘടിപ്പിച്ചിട്ടുണ്ട്. നഗരത്തിന്റെ വടക്ക് വ്യവസായ സമുച്ചയത്തിന് സമീപമാണ് ഒരു മണിക്കൂര്‍നേരം നീണ്ടുനില്‍ക്കുന്ന എയര്‍ഷോ നടക്കുക. എയര്‍ഷോയില്‍ സൗദി എയര്‍ഫോഴ്‌സിന്റെ വ്യത്യസ്ഥ വിമാനങ്ങള്‍ പ്രദര്‍ശിപ്പിക്കും. സൗദി പതാകയുമായി ഹെലികോപ്റ്ററുകളും പറക്കും. വിവിധ നഗരങ്ങളില്‍ വെടിക്കെട്ട് നടക്കും. പ്രശസ്ത ഗായകര്‍ പങ്കെടുക്കുന്ന കലാപരിപാടികള്‍ റിയാദ് കിങ് ഫഹദ് കള്‍ച്ചറല്‍ തിയേറ്ററില്‍ രാത്രി അരങ്ങേറും.

ആദ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ റിയാദില്‍ മൂന്ന് മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന പരേഡ് നടക്കും. ഇതാദ്യമായി സ്ത്രീകളുടെ സാന്നിധ്യമുണ്ടാകും. ദമ്മാം, ജിദ്ദ തുടങ്ങി മറ്റിതര മേഖലകളിലും വിലുലമായ പരിപാടികള്‍ ഒരുക്കിയിട്ടുണ്ട്. നാടന്‍ കലാപരിപാടികള്‍, കുട്ടികളുടെ മത്സരങ്ങള്‍, പെയിന്റിംഗ്, കലാ-കായിക മത്‌സരങ്ങള്‍, സൈക്കിള്‍ സവാരി, വൃക്ഷതൈ നടല്‍, റാലികള്‍, കാര്‍ ഷോ, രക്തംദാനം തുടങ്ങി വിപുലമായ പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്.

Content Highlights: Saudi Arabia celebrates ninty first national day celebrations