റിയാദ്: ജിദ്ദയിലെ പെട്രോള്‍ വിതരണ കേന്ദ്രത്തിനുനേരെ ഇറാന്‍ പിന്തുണയുള്ള ഹൂത്തികളുടെ മിസൈല്‍ ആക്രമണം. ജിദ്ദയുടെ വടക്ക് ഭാഗത്തെ പെട്രോളിയം ഉത്പന്ന വിതരണ കേന്ദ്രത്തില്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് തീവ്രവാദികളുടെ ആക്രമണം ഉണ്ടായത്. എന്നാല്‍ ആക്രമണത്തില്‍ ആര്‍ക്കും പരിക്കില്ലെന്ന് സൗദി ഊര്‍ജ്ജമന്ത്രാലയം വക്താവ് അറിയിച്ചു.

ശനിയാഴ്ച പുലര്‍ച്ചെ 3.50 നാണ് ആണ് മിസൈല്‍ ആക്രമണം ഉണ്ടായത്. ആക്രമണത്തെ തുടര്‍ന്ന് പെട്രോളിയം വിതരണ കേന്ദ്രത്തിലെ ടാങ്കിന് തീ പിടിച്ചെങ്കിലും അഗ്നിശമന വിഭാഗമെത്തി തീ അണച്ചു. അറാംകോയുടെ എണ്ണ വിതരണ പൈപ്പ് ലൈനിനോടനുബന്ധിച്ച സ്റ്റേഷനിലാണ് ആക്രമണമുണ്ടായത്. തീ നിയന്ത്രണവിധേയമാക്കിയിരുന്നതായും ആര്‍ക്കും പരിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു.

ആക്രമണം അരാംകോയുടെ എണ്ണ വിതരണത്തെ ബാധിച്ചിട്ടില്ല. ഇതിനുമുമ്പും ഹൂത്തികള്‍ സൗദിയിലെ ജിസാന്‍, അബ്ഖൈഖ്, ഖുറൈസ് തുടങ്ങിയ മേഖലകളില്‍ ആക്രമണങ്ങള്‍ നടത്തിയിരുന്നു. ആക്രമണം നടത്തിയത് ഇറാന്‍ പിന്തുണയുള്ള ഹൂത്തികളാണെന്ന് സഖ്യസേന വക്താവ് ബ്രിഗേഡിയര്‍ തുര്‍ക്കി അല്‍മാലികി വ്യക്തമാക്കി. ഭീരുത്വപരമായ നിലപാടാണിതെന്നും സൗദി അറേബ്യ പ്രതികരിച്ചു.