റിയാദ്: അഴിമതി, അധികാര ദുര്‍വിനിയോഗം തുടങ്ങിയ കേസുകളില്‍ സൗദിയില്‍ പ്രവിശ്യാ ഗവര്‍ണര്‍ അടക്കമുള്ളവര്‍ക്ക് കടുത്ത ശിക്ഷ വിധിച്ചു. റിയാദ് ക്രിമിനല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. ഗവര്‍ണറെ കൂടാതെ ജഡ്ജി, കേണല്‍ എന്നിവരും ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.

കൈക്കൂലി, അധികാര ദുര്‍വിനിയോഗം, കള്ളപണം വെളുപ്പിക്കല്‍ തുടങ്ങിയ കേസുകളിലാണ് ജഡ്ജിയും ഗവര്‍ണറും കേണലും മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ അടക്കമുള്ളവരെ റിയാദ് ക്രിമിനല്‍ കോടതി ശിക്ഷിച്ചത്. ഓവര്‍സൈറ്റ് ആന്റ് ആന്റികറപ്ഷന്‍ അതോറിറ്റിയാണ് ഇത് സംബന്ധമായ വിവരം അറിയിച്ചത്. കൈകൂലി, പണം തട്ടിയെടുക്കല്‍ എന്നീ കുറ്റകൃത്യങ്ങള്‍ക്ക് പ്രവിശ്യ ഗവര്‍ണര്‍ക്ക് 3 വര്‍ഷം തടവും 25000 റിയാല്‍ പിഴയും കോടതി ഉത്തരവിട്ടു.

കൈക്കൂലി, അധികാര ദുര്‍വിനിയോഗം, കള്ളപ്പണം വെളുപ്പിക്കല്‍ എന്നീ കേസുകളില്‍ ജഡ്ജിക്ക് പത്തു വര്‍ഷം തടവും മൂന്നു ലക്ഷം സൗദി റിയാല്‍ പിഴയുമാണ് ശിക്ഷ. സിവില്‍ ഡിഫെന്‍സിലെ കേണല്‍ റാങ്കിലുള്ള ഉദ്യോഗസ്ഥന് പത്തു വര്‍ഷം തടവും ആറു ലക്ഷം റിയാല്‍ പിഴയും വിധിച്ചു.

കസ്റ്റഡി കേസ് പ്രതികളെ കടത്തുകയും രക്ഷപ്പെട്ട പ്രതികളെ ഒളിച്ചുകഴിയാന്‍ സഹായിക്കുകയും ചെയ്ത പോലീസ് ഉദ്യോഗസ്ഥനെ കോടതി ഏഴു വര്‍ഷം തടവിനാണ് ശിക്ഷിച്ചത്. 60,000 റിയാല്‍ പിഴയും ചുമത്തിയിട്ടുണ്ട്.

ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ഹൗസിംഗ് കോംപ്ളക്സ് ഡയറക്ടറായി സേവനമനുഷ്ഠിച്ചിരുന്ന, മേജര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ കൈക്കൂലി സ്വീകരിക്കുകയും അധികാര ദുര്‍വിനിയോഗം നടത്തുകയും ചെയ്ത കേസില്‍ നാലു വര്‍ഷം തടവും 20,000 റിയാല്‍ പിഴയും കോടതി വിധിച്ചു. കൈക്കൂലി സ്വീകരിച്ച വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഒരു വനിതാ ഉദ്യോഗസ്ഥക്ക് 25,000 റിയാല്‍ പിഴയും രണ്ടര വര്‍ഷം തടവിനും കോടതി ഉത്തരവിട്ടിട്ടുണ്ട്.