റിയാദ്: സൗദിയിലെ തൊഴിലാളികളുടെ ഇഖാമയുടെ ഫീസ് നല്‍കേണ്ടത് തൊഴിലുടമയാണന്നും മറിച്ച് തൊഴിലാളിയല്ലെന്നും അധികൃതര്‍. സൗദിയിലെ പുതിയ തൊഴില്‍ പരിഷ്‌കാരങ്ങള്‍ പ്രകാരം വിദേശ തൊഴിലാളികളുടെ ഇഖാമ, വര്‍ക്ക് പെര്‍മിറ്റ് എന്നിവയുടെ ഫീസുകള്‍ പൂര്‍ണ്ണമായും വഹിക്കേണ്ടത് തൊഴിലുടമയുടെ ഉത്തരവാദിത്വമാണ്. സൗദി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഇത്തരം ഫീസുകള്‍ അടക്കുന്നത് വിദേശ തൊഴിലാളിയുടെ ചുമതലയല്ല. പുതിയ പരിഷ്‌കാരങ്ങള്‍ പ്രയോജനപ്പെടുത്തുന്നവര്‍ ജോലി മാറുമ്പോള്‍ ഇഖാമ, വര്‍ക്ക് പെര്‍മിറ്റ് ഫീസുകള്‍ പുതുതായി ഏത് തൊഴിലുടമയിലക്കാണോ മാറുന്നത് ആ തൊഴിലുടമയാണ് വഹിക്കേണ്ടത്. ഇവ പുതുക്കാന്‍ താമസിക്കുകയാണെങ്കില്‍ അതിനുള്ള പിഴകളും തൊഴിലുടമ വഹിക്കണമന്നും മന്ത്രാലയം വ്യക്തമാക്കി.