റിയാദ്: സൗദി തലസ്ഥാന നഗരിയായ റിയാദ് പ്രവിശ്യയിലെ അഫ്ലാജില്‍ കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെ തെരുവു നായയുടെ ആക്രമണത്തിന് വിധേയനായ ബാലന് ഗുരുതരമായി പരിക്കേറ്റു. തലയില്‍ ആഴത്തിലുള്ള മുറിവേറ്റ് അഫ്ലാജ് ജനറല്‍ ആശുപത്രിയില്‍ ചികിത്സ നല്‍കി.

കഴിഞ്ഞ ദിവസം റിയാദില്‍ തെരുവു നായ്ക്കളുടെ ആക്രണത്തില്‍ നാലു വയസുകാരി ശുഹദ മരണപ്പെട്ടിരുന്നു. ഇതിന്റെ ഞെട്ടല്‍ മാറുംമുമ്പാണ് ഈ സംഭവം. അല്‍വാശില ഭാഗത്തുള്ള ഒരു വിശ്രമ കേന്ദ്രത്തിനടുന്നുവെച്ചായിരുന്നു പെണ്‍കുട്ടി നായ്ക്കളുടെ ആക്രമണത്തിന് വിധേയയായത്. കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും പിന്നീട് മരണം സംഭവിക്കുകയായിരുന്നു.

ബാലിക മരണപ്പെട്ട സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുന്നതിന് റിയാദ് മേയര്‍ ഫൈസല്‍ ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ അയ്യാഫ് രാജകുമാരന്‍ അടിയന്തിര കമ്മിറ്റി രൂപീകരിച്ചിരുന്നു. ഇതിനിടെയാണ് ഇന്ന് വീണ്ടും തെരുവ് നായ്ക്കളുടെ ആക്രമണമുണ്ടായത്.