റിയാദ്: നിയമ വിരുദ്ധമായി വിറക് വില്‍പന നടത്തിയതിന് സൗദിയില്‍ സ്വദേശികളും ഇന്ത്യക്കാരടക്കമുള്ള വിദേശികളും പിടിയിലായി. സുരക്ഷാ വിഭാഗം പിടികൂടിയവരില്‍ ആറു പേര്‍ ഇന്ത്യക്കാരാണ്. റിയാദ്, മക്ക, മദീന, അല്‍ഖസീം, കിഴക്കന്‍ പ്രവിശ്യ, അല്‍ജൗഫ്, ഹായില്‍, ഉത്തര അതിര്‍ത്തി പ്രവിശ്യ, നജ്റാന്‍, അസീര്‍, ജിസാന്‍, തബൂക്ക് തുടങ്ങിയ പ്രവിശ്യകളില്‍വെച്ചാണ് ഇവരെ പിടികൂടിയത്. മൊത്തം 37 സ്വദേശികളും ആറു ഇന്ത്യക്കാരടക്കം 32 വിദേശികളുമാണ് പിടിയിലായത്.
പിടിയിലായ വിദേശികളില്‍ എട്ട് സുഡാനികള്‍, ഏഴ് ഈജിപ്തുകാരും നാലു യെമനികള്‍, രണ്ടു ബംഗാളികള്‍, അഞ്ചു ഫിലിപ്പൈനികള്‍ എന്നിവരും ഉള്‍പ്പെടും. ലെബനോന്‍, സിറിയ, ഫലസ്തീന്‍, പാകിസ്താന്‍ വംശജരേയും പിടികൂടിയിട്ടുണ്ടെന്നും പൊതുസുരക്ഷാ വകുപ്പ് വക്താവ് ബ്രിഗേഡിയര്‍ സാമി അല്‍ശുവൈരിഖ് പറഞ്ഞു. വിറക് ശേഖരവുമായി 188 ലോറികളും പിക്കപ്പ് വാഹനവും സുരക്ഷാ വിഭാഗം പിടിച്ചെടുത്തു.