റിയാദ്: പതിനഞ്ചു വയസ്സും അതില്‍ കൂടുതലും പ്രായമുള്ള സൗദി വനിതകളുടെ സാമ്പത്തിക പങ്കാളിത്തം ദേശീയ പരിവര്‍ത്തന പദ്ധതി 2020 ല്‍ നിര്‍ണയിച്ച ലക്ഷ്യം കവിഞ്ഞതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ വര്‍ഷത്തോടെ വനിതകളുടെ സാമ്പത്തിക പങ്കാളിത്തം 25 ശതമാനമായി ഉയര്‍ത്താനാണ് ദേശീയ പരിവര്‍ത്തന പദ്ധതി ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ഈ വര്‍ഷം ആദ്യ പാദാവസാനത്തോടെ ഇത് 25.9 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്.
വിഷന്‍ 2030 പദ്ധതിയുടെയും ദേശീയ പരിവര്‍ത്തന പദ്ധതിയുടെയും ഭാഗമായി സൗദി വനിതകള്‍ക്കുള്ള ഡ്രൈവിംഗ് അനുമതി അടക്കം വനിതാ ശാക്തീകരണ മേഖലയില്‍ നിരവധി പദ്ധതികളും നയങ്ങളും പ്രഖ്യാപിച്ചതാണ് ഈ നേട്ടം കൈവരിക്കാന്‍ സഹായകമായത്.
സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന സൗദി വനിതകളുടെ ഗതാഗത ചെലവിന്റെ 80 ശതമാനം വരെ സഹായം നല്‍കിയിരുന്നു. പ്രാദേശിക സമ്പദ്വ്യവസ്ഥയില്‍ വനിതാ പങ്കാളിത്തം വര്‍ധിപ്പിക്കാന്‍ ഏതാനും മേഖലകളില്‍ നിര്‍ബന്ധിത വനിതാവല്‍ക്കരണം ബാധകമാക്കിയിരുന്നു. ഇവ അടക്കമുള്ള പദ്ധതികളും വനിതകളുടെ സാമ്പത്തിക പങ്കാളിത്തം വര്‍ധിപ്പിക്കാന്‍ സഹായകമായി. 2017 ആദ്യ പാദാവസാനത്തില്‍ സൗദി വനിതകളുടെ സാമ്പത്തിക പങ്കാളിത്തം 17.4 ശതമാനമായിരുന്നു. 2018 ആദ്യ പാദാവസാനത്തില്‍ ഇത് 19.5 ശതമാനമായി. അതേസമയം 2019 ആദ്യ പാദാവസാനത്തില്‍ 20.5 ശതമാനമായും ഈ വര്‍ഷം ആദ്യ പാദാവസാനത്തില്‍ 25.9 ശതമാനമായും ഉയര്‍ന്നു.
ഇതോടൊപ്പം സ്വദേശി വനിതകള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 2008 നു ശേഷമുള്ള ഏറ്റവും കുറഞ്ഞ തോതിലേക്ക് താഴുകയും ചെയ്തു. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന സൗദി വനിതകളുടെ എണ്ണം മൂന്നു വര്‍ഷത്തിനിടെ 16.4 ശതമാനം തോതില്‍ വര്‍ധിച്ചിട്ടുണ്ട്. 2016 ല്‍ വിഷന്‍ 2030 പദ്ധതി പ്രഖ്യാപിക്കുമ്പോള്‍ സ്വകാര്യ മേഖലയില്‍ സൗദി വനിതകള്‍ 5,45,200 ആയിരുന്നു. ഈ വര്‍ഷം ആദ്യ പാദാവസാനത്തെ കണക്കുകള്‍ പ്രകാരം സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന സൗദി വനിതകള്‍ 6,34,600 ആയി ഉയര്‍ന്നിട്ടുണ്ട്