റിയാദ്: സൗദി അറേബ്യയില്‍ വിദേശികളുടെ വിവാഹത്തിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിച്ചു. വിദേശികളായ വധൂവരന്‍മാര്‍ കോടതിയില്‍ ഹാജരായി വിവാഹിതരാവുകയാണ് ഇതുവരെയുള്ള പതിവ്. ഇനിമുതല്‍ ഉദ്യോഗസ്ഥര്‍ വീടുകളിലെത്തി വിവാഹം രജിസ്റ്റര്‍ ചെയ്യും. നീതിന്യായ മന്ത്രാലയത്തിന്റെ ഉത്തരവിനെ തുടര്‍ന്നാണ് വിവാഹം രജിസ്റ്റര്‍ ചെയ്യുന്ന ഉദ്യോഗസ്ഥന് വിദേശികളുടെ വീടുകളിലെത്തി വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ അധികാരംനല്‍കിയത്.

കോടതികളിലെത്തി വധുവും വരനും സാക്ഷികളും വിവാഹ കരാര്‍ ഒപ്പുവയ്ക്കുന്ന നടപടിക്രമങ്ങള്‍ വിദേശികള്‍ക്ക് ഏറെ പ്രയാസം സൃഷ്ടിച്ചിരുന്നു. സാമൂഹികവും മനുഷ്യത്വപരവുമായ കാരണങ്ങളാലാണ് സ്വദേശി പൗരന്‍മാരുടെ വിവാഹം നടത്തുന്നതുപോലെ വിദേശികളുടെ വിവാഹം വീടുകളില്‍ രജിസ്റ്റര്‍ ചെയ്യാന്‍ നടപടി സ്വീകരിക്കുന്നതെന്ന് നീതിന്യായ മന്ത്രാലയം വ്യക്തമാക്കി.

നീതിന്യായമന്ത്രാലയം അംഗീകരിച്ച ഉദ്യോഗസ്ഥര്‍ക്കാണ് വിവാഹം രജിസ്റ്റര്‍ ചെയ്യാനുള്ള അധികാരം. ഇവര്‍ വധൂവരന്‍മാരില്‍ നിന്നോ കുടുംബാംഗങ്ങളില്‍ നിന്നോ ഉപഹാരം സ്വീകരിക്കുന്നതിന് വിലക്കുണ്ട്. അതേസമയം രാജ്യത്തെ മുഴുവന്‍ കുടുംബ കോടതികള്‍ക്കു കീഴിലും വിദേശികളുടെ വിവാഹം വീടുകളിലെത്തി രജിസ്റ്റര്‍ ചെയ്യുന്നതിന് സൗകര്യം ഒരുക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.