റിയാദ്: സൗദി അറേബ്യയിലെ റിയാദിനു സമീപം അല്‍റെയ്നിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. മലപ്പുറം പന്താരങ്ങാടി വലിയപീടിയേക്കല്‍ മുഹമ്മദ് അലിയുടെ മകന്‍ മുഹമ്മദ് വസീം (34), വലിയ പീടിയേക്കല്‍ മുബാറക്കിന്റെ മകന്‍ മുഹമ്മദ് മുനീബ് (29) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് അപകടം.

അബഹയില്‍നിന്ന് ദമാമിലേക്ക് വരികയായിരുന്ന ഇവരുടെ കാറില്‍ എതിര്‍ ദിശയില്‍ വന്ന മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. ദമാമില്‍നിന്ന് പെരുന്നാള്‍ അവധി ആഘോഷിക്കാന്‍ അബഹ പോയി മടങ്ങി വരുന്നതിനിടെയാണ് അപകടം. മൃതദേഹങ്ങള്‍ അല്‍റെയ്ന്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.