റിയാദ്:  സൗദിയിലെ 7,550 വനിതകള്‍ അയല്‍ രാജ്യങ്ങളില്‍ നിന്ന് ഡ്രൈവിംഗ് ലൈസന്‍സ് നേടിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. ലൈസന്‍സ് നേടുന്നതിനായി ഇവര്‍ 11.62 ലക്ഷം റിയാല്‍ ചെലവഴിച്ചു. വനിതകളുടെ ഡ്രൈവിംഗുമായി ബന്ധപ്പെട്ട് ഇമാം മുഹമ്മദ് ബിന്‍ സൗദ് യൂണിവേഴ്സിറ്റിയില്‍ നടന്ന ചര്‍ച്ചാ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സൗദി അറേബ്യയില്‍ അടുത്ത വര്‍ഷം ജൂണ്‍ മുതല്‍ ഡ്രൈവിംഗ് ലൈസന്‍സിന് അനുമതി നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇമാം മുഹമ്മദ് ബിന്‍ സൗദ് യൂണിവേഴ്സിറ്റി ബോധവല്‍ക്കരണ ചര്‍ച്ച സംഘടിപ്പിച്ചത്. വിദേശ രാജ്യങ്ങളുടെ ഡ്രൈവിംഗ് ലൈസന്‍സ് ഉളളവരും 22 മണിക്കൂര്‍ പരിശീലനം നേടുകയും ഡ്രൈവിംഗ് ടെസ്റ്റില്‍ പങ്കെടുക്കുകയും വേണം. വിജയിക്കുന്നവര്‍ക്കാണ് ലൈസന്‍സ് അനുവദിക്കുകയെന്ന് അധികൃതര്‍ വ്യക്തമാക്കി. 

വിദ്യാര്‍ഥിനികളെ ബോധവല്‍ക്കരിക്കുന്നതിനും ഡ്രൈവിംഗ് ടെസ്റ്റിന് പരിശീലനം നല്‍കുന്നതിനും ശില്പശാല സംഘടിപ്പിക്കുമെന്ന് യൂണിവേഴ്സിറ്റി വക്താവ് അഹമദ് അല്‍ റക്ബാന്‍ പറഞ്ഞു. വിദ്യാര്‍ഥിനികളെ ഡ്രൈവിംഗ് പഠിപ്പിക്കുന്നതിന് യൂണിവേഴ്സിറ്റി ട്രാഫിക് വകുപ്പുമായി കരാര്‍ ഒപ്പുവെച്ചിട്ടുണ്ട്. രാജ്യത്തെ നിരവധി യൂണിവേഴ്സിറ്റികളും ഡ്രൈവിംഗ് സ്‌കൂളുകളും വനിതകള്‍ക്ക് ഡ്രൈവിംഗ് പരിശീലനത്തിന് ട്രാഫിക് വകുപ്പുമായി കരാര്‍ ഒപ്പുവെച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മയക്കുമരുന്ന് ഉപയോഗത്തിന് ശിക്ഷ ലഭിച്ചവര്‍ക്ക് ലൈസന്‍സ് അനുവദിക്കില്ല. ഡ്രൈവിംഗ് ടെസ്റ്റിന് ഹാജരാകുന്നവര്‍ ഹെല്‍ത്ത് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം. വിദേശികളായ വനിതകള്‍ നിയമപരമായി രാജ്യത്ത് താമസിക്കാന്‍ അനുമതിയുളളവരായിരിക്കണം. 18 വയസുളളവര്‍ക്ക് പ്രൈവറ്റ് വാഹനങ്ങളും 20 വയസ് കഴിഞ്ഞവര്‍ക്ക് പബ്ലിക് വാഹനങ്ങള്‍ ഓടിക്കുന്നതിനുമുളള ഡ്രൈവിംഗ് ലൈസന്‍സാണ് അനുവദിക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.