റിയാദ്: കോവിഡ്19 കൊറോണ വൈറസില്‍ നിന്നും അതിന്റെ വകഭേദങ്ങളില്‍ നിന്നും ആരോഗ്യസംരക്ഷണത്തിന് സ്വയം മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കേണ്ടതിന്റെ ആവശ്യകത സൗദി അറേബ്യ ഇസ്ലാമിക മന്ത്രാലയം ഊന്നിപറഞ്ഞു. പള്ളികളില്‍ ആരാധകര്‍ തമ്മില്‍ സാമൂഹിക അകലം പാലിക്കുകയും മാസ്‌ക് ധരിക്കുകയും വേണമെന്നും മന്ത്രാലയം പറഞ്ഞു. മുന്‍കരുതല്‍ നടപടികളുമായി ബന്ധപ്പെട്ട അധികാരികളില്‍ നിന്ന് ലഭിക്കുന്ന എല്ലാ നിര്‍ദ്ദേശങ്ങളും നടപ്പിലാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നിരന്തരം പിന്തുടരുന്നുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. പൊതുജനാരോഗ്യം നിലനിര്‍ത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും വിശ്വാസികളുടെ സുരക്ഷയും ആരോഗ്യവും ഉറപ്പാക്കുന്നതിനുള്ള നിയന്ത്രണങ്ങളും നിര്‍ദ്ദേശങ്ങളും പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും സമൂഹത്തെ ബോധവത്കരിക്കാന്‍ ഇമാമുമാരോടും പ്രഭാഷകരോടും മന്ത്രാലയം ആഹ്വാനം ചെയ്തു. നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതില്‍ എന്തെങ്കിലും അപാകതകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ മന്ത്രാലയത്തിന്റെ ബെനിഫിഷ്യറി സര്‍വീസസ് സെന്റര്‍ 1933 വഴി അറിയിക്കണമെന്ന് മന്ത്രാലയം ആരാധകര്‍ക്ക് നിര്‍ദ്ദേശം നല്‍കി.