റിയാദ്: 48 മണിക്കൂറിനകം രാജ്യം വിടാന്‍ സൗദിയിലെ ലബനീസ് അംബാസഡറോട് സൗദി അറേബ്യയുടെ ഉത്തരവ്. യെമനിലെ ഹൂത്തി വിരുദ്ധ പോരാട്ടത്തിനെതിരെ ലബനോന്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രി ജോര്‍ജ് കൊര്‍ദാഹിയുടെ പരാമര്‍ശമാണ് കാരണം. ലബനോന്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രിയായിരുന്നു യെമനിലെ ഹൂത്തി വിരുദ്ധ പോരാട്ടത്തിനെതിരെ പരാമര്‍ശം നടത്തിയത്. ഇതോടെയാണ് സൗദി-ലബനോന്‍ ബന്ധത്തില്‍ അസ്വാരസ്യം ഉണ്ടായത്.  

റിയാദിലെ ലബനീസ് അംബാഡഡറെ വിളിച്ചുവരുത്തി സൗദി അറേബ്യ പ്രതിഷേധം അറിയിച്ചു. ബൈറൂത്തിലുള്ള സൗദി അംബാസഡറോട് തിരികെ വരാന്‍ സൗദി അറേബ്യയും ആവശ്യപ്പെട്ടിട്ടുണ്ട്.
താന്‍ മന്ത്രിപദം ഏല്‍ക്കുന്നതിന് മുമ്പ് ഓഗസ്റ്റില്‍ റെക്കോര്‍ഡ് ചെയ്ത അഭിമുഖമാണിതെന്നാണ് ലബനോന്‍ മന്ത്രി ജോര്‍ജ് കൊര്‍ദാഹി വ്യക്തമാക്കിയത്. മന്ത്രി ഖേദപ്രകടനം നടത്തുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ലബനീസ് പ്രധാനമന്ത്രി, മന്ത്രിയുടെ അഭിപ്രായത്തോട് വിയോജിച്ചു. എന്നാല്‍ മന്ത്രി ഇതുവരെ രാജി സന്നദ്ധത അറിയിച്ചിട്ടില്ല.

ഹൂത്തികള്‍ക്കെതിരെ സൗദി നയിക്കുന്ന സഖ്യസേനയില്‍ അംഗ രാജ്യങ്ങളായ ബഹ്റൈനും, യു.എ.ഇയും ലബനോനെ പ്രതിഷേധമറിയിച്ചിട്ടുണ്ട്. മന്ത്രിയുടെ പ്രസ്താവന ഗള്‍ഫ് രാജ്യങ്ങളും ലബനോനുമായുള്ള ബന്ധത്തില്‍ വിള്ളല്‍ ഉണ്ടാക്കിയിട്ടുണ്ട്. ലബനോന്‍ ഉല്‍പന്നങ്ങള്‍ക്ക് സൗദിയില്‍ ഇറക്കുമതി നിരോധവും ഏര്‍പ്പെടുത്തി. എന്നാല്‍ സൗദിയില്‍ താമസിക്കുന്ന ലക്ഷക്കണക്കിന് ലബനീസ് പൗരന്മാരെ തീരുമാനം ബാധിക്കില്ലെന്ന് സൗദി ഔദ്യോഗിക ടെലിവിഷന്‍ ചാനല്‍ അറിയിച്ചു.