റിയാദ്: സൗദി അറേബ്യയിലെ ജൂവലറികളില്‍ സമ്പൂര്‍ണ സ്വദേശിവത്കരണം പ്രാബല്യത്തില്‍ വന്നതോടെ നൂറുകണക്കിന് മലയാളികള്‍ക്ക് ജോലിനഷ്ടമായി. മലയാളികളുടെ നിയന്ത്രണത്തിലുള്ള പ്രമുഖ ജൂവലറികളില്‍ ജോലിനഷ്ടപ്പെട്ടവരെ ഇതര ഗള്‍ഫ് രാജ്യങ്ങളിലെ ശാഖകളില്‍ പുനര്‍വിന്യസിക്കുമെന്ന് മാനേജ്‌മെന്റ് വ്യക്തമാക്കി.

സമ്പൂര്‍ണ സ്വദേശിവത്കരണം പ്രഖ്യാപിച്ചതോടെ മലയാളികളുടെ നിയന്ത്രണത്തിലുള്ള ജൂവലറികളില്‍ ജോലി ചെയ്തിരുന്ന അഞ്ഞൂറിലധികം മലയാളികള്‍ക്കാണ് തൊഴില്‍ നഷ്ടമായത്. സെയില്‍സ്മാന്‍മാരായി ജോലി ചെയ്തിരുന്നവരാണിവര്‍. ഇവരെ ജി.സി.സി. രാജ്യങ്ങളിലെ വിവിധ ഷോറൂമുകളിലേക്ക് പുനര്‍വിന്യസിക്കാനാണ് ആലോചിക്കുന്നത്. അതേസമയം, സ്വദേശികളുടെ ഉടമസ്ഥതയിലുള്ള ജൂവലറികളില്‍ ജോലിചെയ്തിരുന്ന ഇന്ത്യ, ബംഗ്‌ളാദേശ്, യെമെന്‍ എന്നീ രാജ്യങ്ങളിലെ 10,000 വിദേശികള്‍ക്ക് ജോലിനഷ്ടപ്പെട്ടു എന്നാണ് കണക്കാക്കുന്നത്.

അതിനിടെ, സൗദിയിലെ 13 പ്രവിശ്യകളിലും തൊഴില്‍, തദ്ദേശ സ്വയംഭരണം, വാണിജ്യം എന്നീ മന്ത്രാലയങ്ങളും ഗവര്‍ണറേറ്റ്, പൊതുസുരക്ഷാവകുപ്പ്, പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് എന്നിവ സംയുക്തമായും പരിശോധന ശക്തമാക്കി. വിദേശികളെ ജോലിക്ക് നിയമിച്ച പടിഞ്ഞാറന്‍ പ്രവിശ്യയിലെ 40 ജൂവലറികള്‍ അടയ്ക്കാന്‍ തൊഴില്‍മന്ത്രാലയം ഉത്തരവിട്ടു. മതിയായ സ്വദേശിജീവനക്കാരെ നിയമിക്കാന്‍ കഴിയാത്തതിനാല്‍ ജിദ്ദ, മക്ക, മദീന എന്നിവിടങ്ങളിലെ 50 ശതമാനം ജൂവലറികളും കഴിഞ്ഞദിവസങ്ങളില്‍ തുറന്നില്ല.

അതേസമയം, ജൂവലറികളില്‍ പരിശോധന ശക്തമാക്കുമെന്ന് തൊഴില്‍മന്ത്രാലയം വക്താവ് ഖാലിദ് അബല്‍ ഖൈല്‍ അറിയിച്ചു. വിദേശികള്‍ ജോലിചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അറിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.