റിയാദ്: സൗദിയില്‍ വാഹനം ഓടിക്കുന്നവര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ കാമറ പിടികൂടും. ഇതിനുളള സംവിധാനം അവസാന ഘട്ടത്തിലാണെന്ന് ട്രാഫിക് ഡയരക്ടറേറ്റ് അറിയിച്ചു. 

വാഹന ഗതതാഗതം നിരീക്ഷിക്കുന്നതിനും നിയമ ലംഘനം കണ്ടെത്തുന്നതിനും സൗദിയില്‍ 'സാഹിര്‍' എന്ന പേരില്‍ കാമറ സംവിധാനം റോഡുകളില്‍ സ്ഥാപിച്ചിട്ടുണ്ട്. അമിത വേഗതയാണ് പ്രധാനമായും സാഹിര്‍ കാമറകള്‍ രജിസ്റ്റര്‍ ചെയ്യുന്നത്. എന്നാല്‍ മൊബൈല്‍ ഫോണ്‍ ഉപയോഗവും, ബെല്‍റ്റ് ധരിക്കാത്തതും ഇനിമുതല്‍ സാഹിര്‍ കാമറകള്‍ പകര്‍ത്തും. ഇത്തരം നിയമ ലംഘനങ്ങള്‍ക്കെതിരെ പിഴ ചുമത്തുമെന്ന് ഗതാഗത വകുപ്പ് മേധാവി മുഹമ്മദ് അല്‍ ബസാമി പറഞ്ഞു. രാജ്യത്ത് ഏറ്റവും കൂടുതല്‍ അപകടം ഉണ്ടാകുന്നത് അമിത വേഗത മൂലമാണ്. 

ഓഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതാണ് അപകടങ്ങള്‍ക്ക് മറ്റൊരു കാരണമായി കണ്ടെത്തിയിട്ടുളളത്. ഓഹനം ഓടിക്കുന്നവരില്‍ 13.8 ശതമാനവും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതായി സര്‍വേയില്‍ കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് നിയമ ലംഘനങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിന് കൂടുതല്‍ സംവിധാനം സാഹിര്‍ കാമറകളില്‍ ഒരുക്കുന്നത്. വാഹനങ്ങളില്‍ ഡ്രൈവര്‍ക്കൊപ്പമുളള സ്ത്രീകള്‍ ഉള്‍പ്പെടെയുളളവര്‍ സീറ്റ് ബെല്‍റ്റ് ധരിക്കണമെന്നും മുഹമ്മദ് അല്‍ ബസാമി പറഞ്ഞു.