റിയാദ്: സൗദി അറേബ്യക്കെതിരെ ഹൂതികള്‍ നടത്തുന്ന ആക്രമണങ്ങളില്‍ ഇറാന് നേരിട്ട് പങ്കുള്ളതായി സൗദി മന്ത്രിസഭ കുറ്റപ്പെടുത്തി. യു.എന്‍ രക്ഷാ സമിതി പ്രമേയം ഇറാന്‍ ലംഘിക്കുകയാണെന്നും മന്ത്രിസഭ വ്യക്തമാക്കി.

യമനില്‍ ഹൂതികള്‍ക്ക് ഇറാന്‍ ആയുധം വിതരണം ചെയ്യുന്നത് സൗദിക്കെതിരെ അക്രമം നടത്താനാണെന്ന് സൗദി മന്ത്രിസഭാ യോഗം കുറ്റപ്പെടുത്തി. ഹൂതികള്‍ക്ക് ബാലിസ്റ്റിക് മിസൈലുകളും ആയുധങ്ങളും നല്‍കുന്ന ഇറാന്റെ നടപടി സൗദി അറേബ്യക്കെതിരായ നേരിട്ടുള്ള സൈനിക ആക്രമണമാണെന്ന് കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു. ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്‍സണുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് ഹൂതികള്‍ക്ക് ബാലിസ്റ്റിക് മിസൈലുകള്‍ വിതരണം ചെയ്യുന്ന ഇറാനെ കിരീടാവകാശി കുറ്റപ്പെടുത്തിയത്. 

റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിന് നേരെ ബാലിസ്റ്റിക് മിസൈല്‍ തൊടുത്ത നടപടിയെ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി അപലപിച്ചു. സൗദി അറേബ്യക്കൊപ്പം ബ്രിട്ടണ്‍ നിലയുറപ്പിക്കുമെന്നും ബോറിസ് ജോണ്‍സണ്‍ പറഞ്ഞു.
 
അതിനിടെ, സൗദി അറേബ്യക്കെതിരായ ഹിസ്ബുല്ല നടത്തിയ ആക്രമണങ്ങളുടെ വിശദാംശങ്ങള്‍ രാജിവെച്ച ലബനോണ്‍ പ്രധാനമന്ത്രി സഅദ് അല്‍ഹരീരി സല്‍മാന്‍ രാജാവിനെ അറിയിച്ചു. ഹിസ്ബുല്ല സൃഷ്ടിക്കുന്ന ഭീഷണി ലെബനന്‍ ഗവണ്‍മെന്റ് തിരിച്ചറിയണമെന്ന് സല്‍മാന്‍ രാജാവ് പ്രതികരിച്ചു.