റിയാദ്: സൗദി അറേബ്യ 87-ാം ദേശീയദിനം ആഘോഷിക്കുന്ന വേളയില്‍ രാജ്യത്തെ സ്ത്രീകള്‍ക്ക് സ്റ്റേഡിയത്തില്‍ പ്രവേശനം അനുവദിച്ചു. റിയാദിലെ കിങ് ഫഹദ് സ്റ്റേഡിയത്തില്‍ ദേശീയ ദിനാഘോഷച്ചടങ്ങുകള്‍ കാണാന്‍ സൗദി വനിതകള്‍ക്കെത്താം. എല്ലാ വനിതകളെയും ദേശീയദിന പരിപാടി വീക്ഷിക്കാന്‍ അധികൃതര്‍ ക്ഷണിച്ചിട്ടുണ്ട്. കുടുംബത്തോടൊപ്പം സ്റ്റേഡിയത്തില്‍ പ്രവേശിക്കാനാണ് സ്ത്രീകള്‍ക്ക് അനുമതിയുള്ളത്.

ആദ്യമായാണ് സൗദിയില്‍ ഒരു സ്റ്റേഡിയത്തില്‍ പ്രവേശിക്കാന്‍ സ്ത്രീകള്‍ക്ക് അനുമതി നല്‍കിയിരിക്കുന്നതെന്ന് സൗദി അറേബ്യയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 40,000 പേര്‍ക്കിരിക്കാവുന്ന സ്റ്റേഡിയത്തില്‍ കുടുംബങ്ങള്‍ക്കായി പ്രത്യേകം സ്ഥലം സജ്ജമാക്കിയിട്ടുണ്ട്. റിയാദിലെ കിങ് ഫഹദ് കള്‍ച്ചറല്‍ സെന്റര്‍ സ്റ്റേഡിയത്തിലും ജിദ്ദയിലെ വിവിധ വേദികളിലും നടക്കുന്ന പരിപാടികള്‍ വീക്ഷിക്കുവാനും സ്ത്രീകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്.

കായികവേദികളില്‍നിന്ന് സ്ത്രീകളെ അകറ്റിനിര്‍ത്തിയിരുന്ന മുന്‍സമീപനത്തില്‍ നിന്നുള്ള മാറ്റമാണ് ഈ തീരുമാനം. വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന സാമൂഹികവും സാമ്പത്തികവുമായ പരിഷ്‌ക്കാരങ്ങളില്‍ ഒന്നാകും ഈ നടപടിയും. പെണ്‍കുട്ടികള്‍ക്ക് സ്‌കൂളുകളില്‍ കായികമത്സരങ്ങളില്‍ പങ്കെടുക്കാന്‍ ജൂലായില്‍ വിദ്യാഭ്യാസ മന്ത്രാലയം അനുമതി നല്‍കിയിരുന്നു.