നിയോം: ഔദ്യോഗിക സന്ദര്‍ശനത്തിനായി സൗദിയിലെത്തിയ ഒമാന്‍ ഭരണാധികാരി ഹൈതം ബിന്‍ താരിഖ്നെ നിയോം സിറ്റിയില്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് സ്വീകരിച്ചു.
നിയോം എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ ഹൈതം ബിന്‍ താരിഖ്നെ നേരത്തെ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ നേരിട്ടെത്തി സ്വീകരിച്ചിരുന്നു. ഔദ്യോഗീക ബഹുമതിയോടെയായിരുന്നു സ്വീകരണം.

ഒമാന്റെ പരമോന്നത ബഹുമതിയായ അല്‍ സഈദ് അവാര്‍ഡ് സല്‍മാന്‍ രാജാവിനു ഒമാന്‍ സുല്‍ത്താന്‍ സമ്മാനിച്ചു. അതോടൊപ്പം സൗദി അറേബ്യയുടെ പരമോന്നത ബഹുമതിയായ കിംഗ് അബ്ദുല്‍ അസീസ് മെഡല്‍ സല്‍മാന്‍ രാജാവ് ഹൈതം ബിന്‍ താരിഖിനും സമ്മാനിച്ചു.
ഇരുനേതാക്കളും സൗദി ഒമാന്‍ ഏകോപന സമിതി രൂപീകരിക്കുന്നവുമായി ബന്ധപ്പെട്ട ധാരണാ പത്രത്തില്‍ ഒപ്പിടുന്നതിനു സാക്ഷ്യം വഹിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനു ഒമാന്‍ സുല്‍ത്താന്റെ രണ്ട് ദിവസത്തെ സൗദി സന്ദര്‍ശനം സഹായകരമാകുമെന്ന് പൊതുവെ വിലയിരുത്തപ്പെടുന്നു.