ദമ്മാം: മലപ്പുറം ജില്ലയില്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി ദമ്മാമിലെ മലപ്പുറം ജില്ലാ പ്രവാസി കൂട്ടായ്മ നടത്തുന്ന മലപ്പുറം പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് മൂന്നാം സീസണ്‍ നവംബര്‍ രണ്ടാം വാരത്തില്‍ നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. കഴിഞ്ഞ രണ്ട് ടൂര്‍ണമെന്റും വന്‍വിജയമായതോടെ മൂന്നാം ടൂര്‍ണമെന്റിന് ഒരുങ്ങുകയാണ് കൂട്ടായ്മ. നടത്തിപ്പിലൂടെ ലഭിക്കുന്ന മുഴുവന്‍ തുകയും, വിജയികള്‍ക്ക് ലഭിക്കുന്ന അവാര്‍ഡ് തുകയും ജില്ലയിലെ അശരണര്‍, നിര്‍ധന വിദ്യാര്‍ത്ഥികള്‍, രോഗികള്‍ പോലുള്ളവര്‍ക്ക് വേണ്ടി നല്‍കി വരുകയാണ് കമ്മിറ്റി. നോര്‍ത്ത് ഈസ്റ്റ് മലപ്പുറം, റൈസിങ്ങ് ഡി റെക്‌സ് വളാഞ്ചേരി, റോമാ കാസില്‍ കൊണ്ടോട്ടി, അറേബ്യന്‍ ഈഗിള്‍സ് മലപ്പുറം, വാസ്‌ക് വേങ്ങര, ഈഗര്‍ ലീയോസ് വളാഞ്ചേരി, അവഞ്ചേഴ്സ് പെരിന്തല്‍മണ്ണ, റോയല്‍ സ്‌ട്രൈക്കേഴ്‌സ് മലപ്പുറം എന്നീ എട്ട് പ്രമുഖ ടീമുകളാണ് മൂന്നാം സീസണില്‍ മാറ്റുരക്കുക. ഐപിഎല്‍ മാതൃകയില്‍ സൗദി അറേബ്യയിലെ വിവിധ നഗരങ്ങളില്‍ നിന്നുമുള്ള ജില്ലയിലെ കളിക്കാരെ രജിസ്റ്ററില്‍ നിന്നും വരുന്ന ശനിയാഴ്ച ദമ്മാം ഒഷ്യാന ഹോട്ടലില്‍ വെച്ച് നടക്കുന്ന ഓക്ഷനിലൂടെ തിരഞ്ഞെടുത്താണ് ടീമുകളില്‍ കളിപ്പിക്കുക. മലപ്പുറം പ്രീമിയര്‍ ലീഗിന്റെ വിജയകരമായ മാതൃക സ്വീകരിച്ച് കേരളത്തിലെ മറ്റു ജില്ലകളിലെയും പ്രവാസി കൂട്ടായ്മകള്‍ ഇത്തരം ടൂര്‍ണമെന്റുകള്‍ ഏറ്റടുത്ത് കായിക ജീവകാരുണ്യ രംഗത്ത് ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ സന്തുഷ്ടി ഉണ്ടെന്ന് സംഘാടകര്‍ കൂട്ടിച്ചേര്‍ത്തു.