ജിദ്ദ: ഒ.ഐ.സി.സി ജിദ്ദ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ 25-ാമത് വാര്‍ഷികാഘോഷം അഡ്വ. അടൂര്‍ പ്രകാശ് എം.എല്‍.എ ജിദ്ദയില്‍ ഉദ്ഘാടനം ചെയ്യും. ശറഫിയ്യ ഇമ്പാല ഗാര്‍ഡന്‍ ഓഡിറ്റോറിയത്തില്‍ ഈമാസം (ഡിസംബര്‍) 8 വെള്ളിയാഴ്ച വൈ. ഏഴുമണിക്കാണ് വാര്‍ഷികാഘോഷ പരിപാടിയുടെ ഉദ്ഘാടന ചടങ്ങ് നടക്കുക. ഇതോടനുബന്ധിച്ച് വെകുന്നേരം 5 മണി മുതല്‍തന്നെ വിവിധ പരിപാടികള്‍ അരങ്ങേറും. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ജിദ്ദ സന്ദന്‍ശന വേളയില്‍ ജിദ്ദ ഒ.ഐ.സി.സി കമ്മിറ്റി പ്രഖ്യാപിച്ച പാവപ്പെട്ടവര്‍ക്ക് ഒരു വീട് നിര്‍മ്മാണമെന്ന 'സ്നേഹ സദനം പദ്ധതി'യുടെ പത്തനംതിട്ട ജില്ലാതല ഉദ്ഘാടനവും അടൂര്‍ പ്രകാശ് എം.എല്‍.എ നിര്‍വ്വഹിക്കും. 

അതോടൊപ്പം വിവിധ ജീവകാരുണ്യ, സാമൂഹ്യ പ്രവര്‍ത്തനങ്ങളുടെ ഉല്‍ഘാടനം, പ്രമുഖ വൃക്തികള്‍ പങ്കെടുക്കുന്ന പൊതു സമ്മേളനം, ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ സജീവമായുള്ള പത്തനംതിട്ട ജില്ലയില്‍നിന്നുള്ള പ്രവര്‍ത്തകരെ ആദരിക്കല്‍, പ്രണവം ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ അണിയിച്ചൊരുക്കിയ വിവിധ കലാ സാസ്‌കാരിക പരിപാടികള്‍ എന്നിവയും ഉണ്ടായിരിക്കും. 

വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡണ്ട് അനില്‍കുമാര്‍ പത്തനംതിട്ട, സ്വാഗതസംഘം കമ്മിറ്റി ചെയര്‍മാന്‍ അലി തേക്കുതോട്, ജനറല്‍ സെക്രട്ടറി അബ്ദുല്‍ റഷീദ്, ഫൈനാന്‍സ് കമ്മിറ്റി കണ്‍വീനര്‍ ഷാജി ഗോവിന്ദ് അടൂര്‍, സ്നഹ സദനം കണ്‍വീനര്‍ വര്‍ഗിസ് ഡാനിയേല്‍, വൈസ് പ്രസിഡണ്ട് അയ്യൂബ് പന്തളം, വര്‍ഗീസ് സാമുവല്‍, നൗഷാദ് അടൂര്‍, മനേജ് മാത്യൂ അടൂര്‍, വിലാസ് അടൂര്‍, സിയാദ് പടുതോട്, സാബു മോന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സ്നേഹസദനം പദ്ധതി: പത്തനംതിട്ട ജില്ലയിലെ വലഞ്ചൂഴി പ്രമാടം പഞ്ചായത്തിലെ പാവപ്പെട്ട നാലംഗ കുടുംബത്തെയാണ് ആദ്യ 'സ്നേഹസദനം പദ്ധതി'യില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ക്ഷയരോഗിയായ കുടുംബനാഥനും മാനസീക സംഘര്‍ഷം അനുഭവപ്പെടുന്ന കുടുംബനാഥയും അടങ്ങുന്ന കുടുംബം സ്വന്തമായൊരു വീട് എന്നത് സ്വപ്നം പോലും കാണാന്‍ സാധിക്കാത്തവരാണ്. ഇവരുടെ കുട്ടികളും വിദ്യാഭ്യാസം നേടാന്‍ ഏറെ കഷ്ടത അനുഭവിക്കുന്നുണ്ട്. വാടക വീട്ടില്‍ കഴിഞ്ഞ്കൂടുന്ന ഇവര്‍ക്ക് തലചായ്ക്കാന്‍ ഒരിടമെങ്കിലും ഒരുക്കുക എന്ന ലക്ഷ്യമാണ് പത്തനംതിട്ട ഒ.ഐ.സി.സി ഈ പദ്ദതിയിലൂടെ പൂര്‍ത്തീകരിക്കാന്‍ ഉദ്ദേശിക്കുന്നത്.