റിയാദ്: രാജ്യത്തെ വിദ്യാഭ്യാസ മേഖലയെ കേന്ദ്രീകരിക്കാനും വര്‍ഗ്ഗീയവത്കരിക്കാനും വാണിജ്യവത്കരിക്കാനും ലക്ഷ്യംവച്ചുള്ള പുതിയ ദേശീയ വിദ്യാഭ്യാസ നയം തികച്ചും പ്രതിഷേധാര്‍ഹമാണെന്നും, അത് നടപ്പിലാക്കുന്നതില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്തിരിയണമെന്നും റിയാദ് കേളി കലാസാംസ്‌കാരിക വേദി ആവശ്യപ്പെട്ടു. 

കണ്‍കറന്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ട വിദ്യാഭ്യാസത്തില്‍, സംസ്ഥാന സര്‍ക്കാരുകളോട് കൂടിയാലോചിക്കാതെ കാതലായ നയവ്യതിയാനങ്ങള്‍ വരുത്തുന്നത് ഭരണഘടനയിലെ ഫെഡറല്‍ തത്വങ്ങളോടുള്ള കനത്ത വെല്ലുവിളിയാണ്. പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്തു മാത്രമേ പുതിയ നയം നടപ്പാക്കുകയുള്ളൂ എന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ പ്രതിപക്ഷത്തിന് ഉറപ്പ് നല്‍കിയിരുന്നൂ. ആ ഉറപ്പിന്റെ നഗ്‌നമായ ലംഘനമാണ് മോദി സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്.

പുതിയ വിദ്യാഭ്യാസ നിയമത്തിന്റെ കരട് പ്രസിദ്ധീകരിക്കുകയും സമൂഹത്തിലെ വിദ്യാഭ്യാസ വിദഗ്ധരും, വിദ്യാര്‍ത്ഥികളും, ബുദ്ധിജീവികളും നിരവധി നിര്‍ദ്ദേശങ്ങളും നിരീക്ഷണങ്ങളും സര്‍ക്കാരിന്റെ മുന്നില്‍ വെക്കുകയും ചെയ്തത് ഒന്നുപോലും പരിഗണിക്കാതെയാണ് സര്‍ക്കാര്‍ ഏകപക്ഷീയമായി നിയമം നടപ്പാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

സംഘപരിവാറിന്റെ ഗൂഢപദ്ധതികള്‍ അടിച്ചേല്‍പ്പിക്കാനും, വിദ്യാഭ്യാസ മേഖലയെ അടിമുടി സ്വകാര്യവല്‍ക്കരിക്കാനുമുള്ള പദ്ധതികളും പുതിയനിയമത്തില്‍ അടങ്ങിയിരിക്കുന്നു. ഇത്തരം പിന്തിരിപ്പന്‍ നിയമം ഏകപക്ഷീയമായി അടിച്ചേല്‍പ്പിക്കുന്ന ബിജെപി സര്‍ക്കാരിന്റെ ജനവിരുദ്ധ നിലപാടിനെതിരെ പ്രതിഷേധിക്കുന്ന ഇന്ത്യയിലെ മുഴുവന്‍ ജനങ്ങളോടും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതായി കേളി സെക്രട്ടറിയറ്റ് ഇറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.