ജിദ്ദ: ഒട്ടേറെ പ്രത്യേകതകളും അപൂര്‍വമായ അക്ഷരങ്ങളും അക്കങ്ങളും അക്കങ്ങളുടെ അടയാളങ്ങളുമുള്ള മലയാള ഭാഷ ലോകത്തെ ഏറ്റവും നല്ല ഭാഷകളില്‍ ഒന്നാണെന്നും പഴയ പല അക്ഷരങ്ങളും കൊഴിഞ്ഞു പോയിക്കൊണ്ടിരിക്കുന്നത് ഭാഷയുടെ വളര്‍ച്ചയില്‍ സ്വാഭാവികമാണെന്നും പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാര്‍ അഭിപ്രായപ്പെട്ടു. മലയാളം മിഷന് ആഗോള തലത്തില്‍ സംഘടിപ്പിക്കുന്ന ഭൂമിമലയാളം ഭാഷാ സാംസ്കാരിക പരിപാടിയുടെ ഭാഗമായി ജിസാന്‍ മേഖലാ കമ്മിറ്റി സംഘടിപ്പിച്ച വെര്‍ച്വല്‍ മലയാളി സംഗമവും ഭാഷാ പ്രതിജ്ഞയും ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ഴ' പോലുള്ള അക്ഷരങ്ങള്‍ ലോകത്ത് അധികം ഭാഷകളിലില്ല. ഭാഷയില്‍ ചില അക്ഷരങ്ങള്‍ കാലഹരണപ്പെട്ടു പോകുമെങ്കിലും സ്വന്തമായ അക്കങ്ങളുടെയും അടയാളങ്ങളുടെയും വലിയ ശേഖരം മലയാളത്തിന് ഉണ്ടായിരുന്നെന്ന കാര്യം വിസ്മരിക്കരുതെന്നും അത് പുതു തലമുറയെ പരിചയപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. എഴുത്തുകാരിയും മലയാളം മിഷന് ഡയറക്ടറുമായ പ്രൊഫ.സുജ സൂസന് ജോര്‍ജ്ജ് മുഖ്യപ്രഭാഷണം നടത്തി. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലത്ത് ഭാഷയിലുണ്ടായ വിപ്ലവത്തിലൂടെ വിദേശ വാക്കുകള്‍ക്കൊപ്പം ലോകമാറ്റങ്ങളും ആശയങ്ങളും സ്വീകരിച്ചുകൊണ്ട് മലയാളത്തിന്റെ കരുത്തില്‍ രാഷ്ട്രീയമായും സാംസ്കാരികമായും മുന്നേറാന്‍ മലയാളിക്ക് കഴിഞ്ഞതായി അവര്‍ പറഞ്ഞു. മലയാളം മിഷന് രജിസ്ട്രാര്‍ എം.സേതുമാധവന് മാതൃഭാഷാ കോഴ്സുകളുടെ പാഠ്യപദ്ധതി പരിചയപ്പെടുത്തി.
മലയാളം മിഷന് സൗദി ചാപ്റ്റര്‍ വിദഗ്ധ സമിതി ചെയര്‍മാനും ലോകകേരള സഭാ അംഗവുമായ ഡോ.മുബാറക്ക് സാനി അധ്യക്ഷത വഹിച്ചു. സൗദി ചാപ്റ്റര്‍ സെക്രട്ടറി താഹ കൊല്ലേത്ത് മാതൃഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മലയാളം മിഷന് മേഖലാ കോ-ഓര്‍ഡിനേറ്ററും ജിസാന്‍ സര്‍വകലാശാല പ്രൊഫസറുമായ ഡോ.രമേശ് മൂച്ചിക്കല്‍ മലയാളി സംഗമത്തില്‍ സ്വാഗതം ആശംസിച്ചു. മലയാളം മിഷന് സൗദി ചാപ്റ്റര്‍ പ്രസിഡന്റ് എം.എം.നഈം, ഷംസു പൂക്കോട്ടൂര്‍, സിറാജ് കുറ്റ്യാടി, വെന്നിയൂര്‍ ദേവന്, ഹാരിസ് കല്ലായി, ഡോ.കെ.ടി.മഖ്ബൂല്‍, റസല്‍ കരുനാഗപ്പള്ളി, ഡോ.ജോ വര്‍ഗീസ്, അന്‍വര്‍ ഷാ, സിബി തോമസ്, ഡോ.റെനീല പദ്മനാഭന്, എ.ലീമ എന്നിവര്‍ മലയാളി സംഗമത്തില്‍ സംസാരിച്ചു. എം.കെ.ഓമനക്കുട്ടന്, മനോജ് കുമാര്‍, സണ്ണി ഓതറ, അഡ്വ.അര്‍ഷദ്,ഡോ.ഷഫീക്ക്, ജിനു തങ്കച്ചന്,ജോര്‍ജ്ജ് തോമസ്, ഷാഹിന്‍ കെവിടന്‍, വിജീഷ് വാരിയര്‍, പ്രവിത, അനീഷ് നായര്‍, സന്തോഷ് കുമാര്‍, തോമസ് കുട്ടി, രാജ് മോഹന്‍ എന്നിവര്‍ മലയാളി സംഗമത്തിലും ഭാഷാപ്രതിജ്ഞയിലും പങ്കെടുത്തു. കവി കുരീപ്പുഴ ശ്രീകുമാര്‍ കവിതകള്‍ ആലപിച്ചു. മലയാളം മിഷന് വിദ്യാര്‍ത്ഥികളായ ആയിഷ അബ്ദുല്‍ അസീസ്, ആസിം, ഐമന്, സാധിക വിജീഷ്, നോറ മറിയം ജിനു, ഗൗരി നന്ദന, ആയിഷ ജുമാന, ഹൃദയ് ദേവദത്ത്, ഖദീജ താഹ, ഒലിവിയ, ജെനീലിയ,സൂസന് സുനില്‍, ഫാത്തിമ ജന്ന, മുഹമ്മദ് സാലിഹ്, ഷമ്മാസ് അഹമ്മദ്, മിര്‍ഷാ റിയാസ്, സെറാ റിച്ച ജിനു എന്നിവര്‍ കലാപരിപാടികളും നൃത്തനൃത്യങ്ങളും അവതരിപ്പിച്ചു.