ജിദ്ദ: ജിദ്ദയിലെ സനഇയ്യ ഏരിയ കെ.എം.സി.സി. പ്രവര്‍ത്തകര്‍ പെരുന്നാളിലും സേവനത്തിന്റെ സുകൃതം നുകര്‍ന്നു. സൗദി മതകാര്യ വകുപ്പിന്റെ അനുമതിയോടെ സനാഇയ്യ വ്യാവസായിക മേഖലയിലെ ഏറ്റവും വലിയ പള്ളി ഈദുല്‍ ഫിത്വറിനോടനുബന്ധിച്ച് കെ.എം.സി.സി വോളണ്ടിയര്‍മാര്‍ ശുചീകരിച്ചു. പ്രത്യേകം തിരഞ്ഞെടുത്ത 50 പ്രവര്‍ത്തകരാണ് ഇരുനില പള്ളിയുടെ അകവും പുറവും പരിസര പ്രദേശവും ശുചീകരണം നടത്തിയത്. വ്യാവസായിക നഗരത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പ്രാര്‍ത്ഥനക്ക് എത്തുന്ന വലിയ പള്ളിയാണിത്.

പെരുന്നാള്‍ നമസ്‌കാരത്തിനെത്തിയ വിശ്വാസികളെ നിയന്ത്രിക്കാനുള്ള വോളണ്ടിയര്‍ ചുമതലയും ഇവിടെ കെ.എം.സി.സിക്കായിരുന്നു.

ജിദ്ദ കെ.എം.സി.സി. സെന്‍ട്രല്‍ കമ്മിറ്റി സ്വരൂപിച്ച ഫിത്വര്‍ സകാത്ത് പെരുന്നാള്‍ തലേന്ന് രാത്രി വിതരണം ചെയ്തിരുന്നു. വ്യാവസായിക സിറ്റി മേഖലയില്‍ ആയിരക്കണക്കിന് ആളുകളുടെ താമസ കേന്ദ്രങ്ങളില്‍ അരി വിതരണം ചെയ്ത ശേഷമായിരുന്നു പള്ളിയുടെ ശുചീകരണം നിര്‍വഹിച്ചത്. സനാഇയ ഏരിയ കെ.എം.സി.സി. ജനറല്‍ സെക്രട്ടറി ഹനീഫ പാണ്ടിക്കാടിന്റെയും, അബ്ദുസ്സലാം, മുജീബ്, സിറാജ്, അലി, സലീം എന്നിവരുടേയും നേതൃത്വത്തിലാണ് പള്ളി ശുചീകരണവും ഫിത്വര്‍ സകാത്ത് വിതരണവും നടന്നത്. ജിദ്ദ കെ.എം.സി.സി. സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളും സന്നിഹിതരായിരുന്നു.