റിയാദ്: കേളി കലാസാംസ്‌കാരിക വേദി അംഗങ്ങളുടെ കുട്ടികള്‍ക്കായി ഏര്‍പ്പെടുത്തിയ വിദ്യാഭ്യാസ പുരസ്‌കാരത്തിന്റെ 2020-21 ലെ വിതരണോദ്ഘാടനം റിയാദില്‍ നടന്നു. ബത്ഹ ഡിമോറോ ഓഡിറ്റോറിയത്തില്‍ നടന്ന വിതരണോദ്ഘാടന ചടങ്ങ് കേരള പൊതുവിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി ഓണ്‍ലൈന്‍ വഴി നിര്‍വഹിച്ചു.

വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും പരസ്പരം കണ്ടുകൊണ്ടുള്ള ഓണ്‍ലൈന്‍ വിദ്യാഭ്യാസം കേരള സര്‍ക്കാര്‍ ആരംഭിക്കുകയാണെന്നും, അതിനുവേണ്ടുന്ന ഡിജിറ്റല്‍ ഉപകരണങ്ങള്‍ വാങ്ങുവാന്‍ സാധിക്കാത്ത കുട്ടികളെ സഹായിക്കാന്‍ വിദ്യാകിരണ്‍ പദ്ധതിയും ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിദ്യാകിരണ്‍ പദ്ധതിയെ വിജയിപ്പിക്കാന്‍ കേളിയുടെ ഭാഗത്തു നിന്നുണ്ടായ സഹായ-സഹകരണം ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി ശിവകുട്ടി പരാമര്‍ശിച്ചു.

കേളി പ്രസിഡന്റ് ചന്ദ്രന്‍ തെരുവത്ത് അധ്യക്ഷത വഹിച്ചു. ആക്ടിങ് സെക്രട്ടറി ടി.ആര്‍ സുബ്രഹ്മണ്യന്‍ സ്വാഗതം പറഞ്ഞു. കേളി രക്ഷാധികാരി കമ്മിറ്റി കണ്‍വീനറും ലോക കേരളസഭ അംഗവുമായ കെ.പി.എം സാദിഖ്, രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ സതീഷ് കുമാര്‍, ഗോപിനാഥ് വേങ്ങര, ഗീവര്‍ഗീസ്, ജോസഫ് ഷാജി, കേളി ജോയിന്റ് സെക്രട്ടറി സുരേഷ് കണ്ണപുരം, കേളി വൈസ് പ്രസിഡന്റുമാരായ സുരേന്ദ്രന്‍ കൂട്ടായ്, പ്രഭാകരന്‍ കണ്ടോന്താര്‍, ആക്ടിങ് ട്രഷറര്‍ സെബിന്‍ ഇഖ്ബാല്‍, സെക്രട്ടറിയേറ്റ് അംഗം ഷമീര്‍ കുന്നുമ്മല്‍, കുടുംബ വേദി പ്രസിഡന്റ് പ്രിയാ വിനോദ്, സെക്രട്ടറി സീബാ കൂവോട്, ട്രഷറര്‍ ശ്രീഷ സുകേഷ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ഉപരിപഠനത്തിന് അര്‍ഹത നേടിയ മുഴുവന്‍ കുട്ടികളെയും ഈ വര്‍ഷം മുതല്‍ ആദരിക്കാനാണ് കേളി തീരുമാനിച്ചിരിക്കുന്നത്. അതിന്റെ ഭാഗമായി 182 അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്. ഏഴ് വിദ്യാര്‍ത്ഥികള്‍ റിയാദിലും ബാക്കിയുള്ളവര്‍ നാട്ടിലുമാണ്. പുരസ്‌കാരം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ക്യാഷ് അവാര്‍ഡും, മൊമെന്റോയും, കേളിയുടെ അഭിനന്ദനപത്രവുമാണ് നല്‍കുന്നത്. കെ പി എം സാദിഖ്, സതീഷ് കുമാര്‍, ഗോപിനാഥ് വേങ്ങര, ഗീവര്‍ഗ്ഗീസ്, ടി ആര്‍ സുബ്രഹ്മണ്യന്‍, ചന്ദ്രന്‍ തെരുവത്ത്, ഷമീര്‍ കുന്നുമ്മല്‍, ജോസഫ് ഷാജി, സുരേഷ് കണ്ണപുരം, പ്രഭാകരന്‍ കണ്ടോന്താര്‍, സുരേന്ദ്രന്‍ കൂട്ടായ് എന്നിവരാണ് ഫാത്തിമ സുല്‍ഫിക്കര്‍, മുഹമ്മദ് സിനാന്‍, വിഷ്ണുപ്രിയ ജോമോള്‍, യാരാ ജുഹാന എന്നിവര്‍ക്ക് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തത്. യാരാ ജുഹാന ക്യാഷ് അവാര്‍ഡ് തുക കേരള സര്‍ക്കാരിന്റെ വിദ്യാകിരണ്‍ പദ്ധതിയിലേക്ക് സംഭാവന ചെയ്തു.