റിയാദ്: അല്‍ഖര്‍ജില്‍ വെച്ചുണ്ടായ വാഹനാപകത്തില്‍ ഗുരുതരമായി പരിക്കേറ്റ കൊല്ലം ജില്ലയിലെ കരിക്കോട് ചാത്തനാംകുളം സ്വദേശി നിധിനെ കേളി കലാസാംസ്‌കാരിക വേദി ജീവകാരുണ്യ വിഭാഗം പ്രവര്‍ത്തകരുടെ ഇടപെടലില്‍ നാട്ടിലെത്തിച്ചു. നിധിനും കൂട്ടുകാരും സഞ്ചരിച്ചിരുന്ന വാഹനം വൈദ്യുതി ട്രാന്‍സ്‌ഫോര്‍മറില്‍ ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ സുഹൃത്തായ തമിഴ്‌നാട് സ്വദേശി സംഭവസ്ഥലത്ത് വെച്ച് മരണപ്പെട്ടിരുന്നു. മറ്റൊരു സുഹൃത്തായ ആലപ്പുഴ സ്വദേശി രഞ്ജിത്തിനെ തുടര്‍ ചികിത്സാര്‍ത്ഥം കേളിയുടെ സഹായത്തോടു കൂടിത്തന്നെ നാട്ടിലെത്തിച്ചിരുന്നു.

വിദേശകാര്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഇന്ത്യന്‍ എംബസിയുടേയും നോര്‍ക്കയുടെയും അഭ്യര്‍ത്ഥന മാനിച്ചാണ് കേളി അല്‍ഖര്‍ജ് ജീവകാരുണ്യ വിഭാഗം പ്രവര്‍ത്തകര്‍ നാട്ടിലെത്തിക്കാനുള്ള ശ്രമം ആരംഭിച്ചത്. മൂന്ന് മാസത്തോളം അബോധാവസ്ഥയില്‍ അല്‍ഖര്‍ജ്ജ് കിംഗ് ഖാലിദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നിധിനെ കഴിഞ്ഞ മാസമാണ് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്ത് അല്‍ഖര്‍ജ്ജ് ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ നാസര്‍ പൊന്നാനിയുടെ വസതിയില്‍ താമസിപ്പിച്ചത്. അരക്ക് കീഴെ ചലനശേഷി നഷ്ടപ്പെട്ട നിധിന്റെ പ്രാഥമിക കാര്യങ്ങള്‍ ഉള്‍പ്പെടെയുള്ള ശുശ്രൂഷകള്‍ നാസറും സഹോദരങ്ങളുമാണ് നോക്കിയിരുന്നത്.

ഇതിനിടെ സൗദി തൊഴില്‍വകുപ്പുമായും, ഇന്ത്യന്‍ എംബസിയുമായും ബന്ധപെട്ട് ആവശ്യമായ രേഖകള്‍ സംഘടിപ്പിക്കുകയും, നിധിന്റെ സ്‌പോണ്‍സറെ സമീപിച്ച് ഹുറൂബ് ഒഴിവാക്കുകയും സൗദി സര്‍ക്കാരിലേക്ക് അടക്കേണ്ടതായ ഭീമമായ നഷ്ടപരിഹാരത്തുക ഒഴിവാക്കി കിട്ടുന്നതിനാവശ്യമായ നടപടികള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞ ദിവസം നിധിനെ കൂടുതല്‍ നല്ല ചികിത്സ ലഭ്യമാക്കുന്നതിന് വേണ്ടി സ്വദേശത്തേക്ക് കയറ്റി വിട്ടു. നിധിന്റെ നാട്ടിലേക്കുള്ള തിരിച്ച് പോക്കിന് കേളി ജീവകാരുണ്യ വിഭാഗം അല്‍ഖര്‍ജ്ജ് ഏരിയ കണ്‍വീനര്‍ നാസര്‍ പൊന്നാനി, ചെയര്‍മാന്‍ ഗോപാലന്‍, കേന്ദ്ര ജീവകാരുണ്യ വിഭാഗം അംഗം ഷാജഹാന്‍ കൊല്ലം എന്നിവര്‍ നേത്യത്വം നല്‍കി.