റിയാദ്: റിയാദ് കേളി കലാസാംസ്‌കാരിക വേദി അംഗങ്ങളുടെ കുട്ടികള്‍ക്കായി വര്‍ഷം തോറും വിതരണം ചെയ്തു വരുന്ന വിദ്യാഭ്യാസ മേന്മാ പുരസ്‌കാര ദാനം (2019-20) മലപ്പുറത്തെ നിലമ്പൂര്‍ അമരമ്പലത്ത് നടന്നു. എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ കേളി ബത്ഹ ഏരിയ അംഗമായ കെ.ടി.മുഹമ്മദ് ബഷീറിന്റെ മകള്‍ കെ.ടി.ഹനയ്ക്കാണ് പുരസ്‌കാരം കൈമാറിയത്. എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ എല്ലാ വിഷയത്തിലും 90 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് വാങ്ങുന്ന കേളി അംഗങ്ങളുടെ കുട്ടികള്‍ക്കാണ് പുരസ്‌കാരം വിതരണം ചെയ്യുന്നത്. ഈ വര്‍ഷം 26 കുട്ടികളാണ് പുരസ്‌കാരത്തിന് അര്‍ഹത നേടിയത്.
അമരമ്പലം കുഞ്ഞാലി സ്മാരക മന്ദിരത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ സിപിഐഎം അമരമ്പലം ലോക്കല്‍ സെക്രട്ടറി അനന്ത കൃഷ്ണനാണ് പുരസ്‌കാരം കൈമാറിയത്. കേളിയുടെ മുന്‍ സെക്രട്ടറി റഷീദ് മേലേതില്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ പ്രവാസി സംഘം ഏരിയാ കമ്മിറ്റി അംഗവും കേളി മുന്‍ കേന്ദ്ര കമ്മിറ്റി അംഗവുമായ നസീര്‍ ബാബു പന്തപ്പുലാന്‍ അധ്യക്ഷത വഹിച്ചു. സിപിഐ എം നിലമ്പൂര്‍ ഏരിയാ കമ്മിറ്റി അംഗം കെ.പി.വിനോദ്, കേളി മുന്‍ ജോയിന്റ് സെക്രട്ടറി റഫീഖ് പാലത്ത്, കേരളാ പ്രവാസി സംഘം നിലമ്പൂര്‍ ഏരിയാ കമ്മിറ്റി അംഗം ഉണ്ണി വടക്കന്‍, കെ.എസ്.ഇ.ബി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അംഗം ഉണ്ണികൃഷ്ണന്‍, പ്രവാസി സംഘം മേഖലാ സെക്രട്ടറി അഷ്റഫ്, കേളി സുലൈ യൂണിറ്റ് മുന്‍ അംഗം കെ.ടി.മുഹമ്മദ് എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. ചടങ്ങിന് ഹന.കെ.ടി. നന്ദി പറഞ്ഞു.