റിയാദ്: റിയാദ്, ജിദ്ദ നഗരങ്ങളിലെ വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ ഫൈസര്‍ വാക്സിനായി കൂടുതല്‍ അപോയ്മെന്റ് സൗകര്യങ്ങള്‍ ലഭ്യമാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊറോണ വൈറസ് വാക്സിന്‍ ലഭിക്കാനുള്ള പൗരന്മാരുടെയും പ്രവാസികളുടെയും ആഗ്രഹമനുസരിച്ചാണ് വാക്സിന്‍ നല്‍കാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

നിയന്ത്രണ നടപടികള്‍ക്കിടയിലും ആരോഗ്യ സുരക്ഷയ്ക്കും മുന്‍കരുതല്‍ നടപടിക്രമങ്ങള്‍ക്കും രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലെ വാക്സിന്‍ കേന്ദ്രങ്ങള്‍ വഴി വാക്സിന്‍ ലഭിക്കുന്നതിന് സമൂഹത്തിലെ അംഗങ്ങളില്‍ നിന്ന് വന്‍തോതിലുള്ള പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 587 ലധികം വാക്സിനേഷന്‍ സെന്ററുകളിലൂടെ ഇതുവരെ 74,10,217 ഡോസ് വാക്സിന്‍ നല്‍കിയിട്ടുണ്ട്. അംഗീകൃത വാക്സിനുകളുടെ ഫലപ്രാപ്തിയും സുരക്ഷയും ആവര്‍ത്തിച്ച്, വാക്സിനേഷന്‍ എടുക്കാന്‍ രജിസ്റ്റര്‍ ചെയ്യാന്‍ സമൂഹത്തിലെ എല്ലാ അംഗങ്ങളോടും മന്ത്രാലയം ആവശ്യപ്പെട്ടു. 75 വയസ്സിനു മുകളിലുള്ളവര്‍ക്ക് വേഗത്തില്‍ വാക്സിനേഷന്‍ ലഭ്യമാക്കുമെന്ന് മന്ത്രാലയം അറിയിച്ചു. രജിസ്ട്രേഷനോ കാത്തിരിപ്പോ കൂടാതെ എല്ലാ പ്രായമായ പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും മുന്‍ഗണനാ സേവനം നിലവില്‍ ലഭ്യമാണ്. രാജ്യത്തെ എല്ലാ ഗവര്‍ണറേറ്റുകളിലും ഏറ്റവും അടുത്ത വാക്സിനേഷന്‍ കേന്ദ്രം നേരിട്ട് സന്ദര്‍ശിക്കാന്‍ കഴിയുമെന്ന് മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

റിയാദിലെ ഹില്‍ട്ടണ്‍ ഹോട്ടല്‍, ക്രൗണ്‍ പാലസ് ഹോട്ടല്‍, റിയാദ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍, ദിരിയ ഹോസ്പിറ്റല്‍, അല്‍ ഖലീജ് ഹെല്‍ത്ത് സെന്റര്‍, അല്‍-നദ്ദ ഹെല്‍ത്ത് സെന്റര്‍, അല്‍ ജസീറ ഹെല്‍ത്ത് സെന്റര്‍, കിംഗ് സൗദി യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍ ഫൈസര്‍ വാക്സിന്‍ ലഭ്യമാണ്.

അല്‍-ഇമാം മുഹമ്മദ് ബിന്‍ സൗദ് ഇസ്ലാമിക്ക് യൂണിവേഴ്സിറ്റി, അല്‍-മൗവാസത്ത് ഹോസ്പിറ്റല്‍, അല്‍-ഹബീബ് ഹോസ്പിറ്റല്‍, അല്‍ മൊസൈഫ് ഹെല്‍ത്ത് സെന്റര്‍, അല്‍ മന്‍സൂറ ഹെല്‍ത്ത് സെന്റര്‍, സല്‍ബൗഖിലെ സെക്യൂരിറ്റി ഫോഴ്സ് ഹോസ്പിറ്റല്‍, അഹ്മദിയയിലെ പ്രിന്‍സ് സുല്‍ത്താന്‍ ഹെല്‍ത്ത് സെന്റര്‍, കിംഗ് അബ്ദുല്‍ അസീസ് ദേശീയ ഗാര്‍ഡിലെ മെഡിക്കല്‍ സിറ്റി എന്നിവിടങ്ങളിലും വാക്സിന്‍ ലഭ്യമാണ്.

മെറ്റേണിറ്റി ആന്‍ഡ് ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍, ജിദ്ദ ഫീല്‍ഡ് ഹോസ്പിറ്റല്‍, കിംഗ് അബ്ദുല്‍ അസീസ് യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍, മിനിസ്ട്രി ഓഫ് നാഷണല്‍ ഗാര്‍ഡ് കോവിഡ്19 വാക്സിന്‍ സെന്റര്‍, കിംഗ് അബ്ദുല്‍ അസീസ് എയര്‍പോര്‍ട്ട് - സൗത്ത് ടെര്‍മിനല്‍, ഇന്റര്‍നാഷണല്‍ മെഡിക്കല്‍ സെന്റര്‍ എന്നിവിടങ്ങളിലാണ് ജിദ്ദയില്‍ ഫൈസര്‍ വാക്സിന്‍ നല്‍കുന്ന കേന്ദ്രങ്ങള്‍.