ജിദ്ദ: ലൈസന്‍സില്ലാത്ത ഉംറ ടൂര്‍ ഓപ്പറേറ്റര്‍മാരുമായി ഇടപാട് നടത്തുന്നതിനെതിരെ ഹജജ്, ഉംറ മന്ത്രാലയം തീര്‍ഥാടകര്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഔദ്യോഗിക അംഗീകാരമില്ലാതെ സോഷ്യല്‍ മീഡിയയില്‍ പരസ്യം നല്‍കരുതെന്നും മുന്നറിയിപ്പ് നല്‍കി.

മക്ക, മദീന ഹറമുകളില്‍ ഉംറ, പ്രാര്‍ത്ഥന അല്ലെങ്കില്‍ സന്ദര്‍ശനം എന്നിവയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളും പ്രോട്ടോക്കോളുകളിലും യാതൊരു മാറ്റവും വരുത്തിയിട്ടില്ലെന്ന് ഹജജ്, ഉംറ മന്ത്രാലയത്തിലെ ഹജജ്, ഉംറ സേവനങ്ങള്‍ക്കായുള്ള അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഹിഷാം സയീദ് പറഞ്ഞു. സൗദി അറേബ്യയുടെ ഔദ്യോഗിക വാര്‍ത്താ ചാനലായ അല്‍-ഇഖ്ബാരിയയിലെ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഹിഷാം സയീദ്.

രാജ്യത്തിനകത്തു നിന്നുള്ളവരോ വിദേശത്തുനിന്നുള്ളവരോ ആയ ഏത് തീര്‍ത്ഥാടകരായാലും ഉംറയ്ക്കും പ്രാര്‍ത്ഥനയ്ക്കും ഇരുഹറമിലും അനുമതി നല്‍കുന്നതിനുള്ള അടിസ്ഥാന വ്യവസ്ഥ കൊറോണ വൈറസിനെതിരായ വാക്‌സിന്‍ ഡോസുകള്‍ പൂര്‍ത്തിയാക്കുക എന്നതാണെന്നും ഹിഷാം സയീദ് പറഞ്ഞു.