ജിസാന്‍: സമാധാന കാംക്ഷികളായ ജനങ്ങള്‍ വസിക്കുന്ന ലക്ഷദ്വീപില്‍ ജനങ്ങളുടെ പരമ്പരാഗത ജീവിതത്തെ അട്ടിമറിച്ചു കൊണ്ട് ഹിന്ദുത്വ അജണ്ട നടപ്പാക്കാനും കോര്‍പ്പറേറ്റ്‌വത്കരണവുമാണ് പുതിയ നിയമ പരിഷ്‌കാരങ്ങളിലൂടെയും പദ്ധതികളിലൂടെയും കേന്ദ്ര ഭരണകൂടം ലക്ഷ്യമിടുന്നതെന്ന് മുന്‍ മന്ത്രിയും സി.പി.എം. നേതാവുമായ ടി.കെ.ഹംസ അഭിപ്രായപ്പെട്ടു. മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ദ്വീപിലെ ജനങ്ങളുടെ ജീവനോപാധികളും ഭക്ഷണ സാംസ്‌കാരിക അവകാശങ്ങളും കവര്‍ന്നെടുത്തുകൊണ്ട് ഹിന്ദുത്വ നവ ഉദാരവത്കരണ നയങ്ങള്‍ നടപ്പാക്കാനുള്ള ശ്രമങ്ങള്‍ കശ്മീരിന്റെ അനുഭവമാണ് ഓര്‍മ്മപ്പെടുത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ജിസാനിലെ കലാ സാംസ്‌കാരിക കൂട്ടായ്മയായ 'ജല' ഓണ്‍ലനില്‍ സംഘടിപ്പിച്ച പ്രവാസികളുടെ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ന്യൂനപക്ഷ സമുദായത്തിനുമേല്‍ ഹിന്ദുത്വ ആശയങ്ങള്‍ അടിച്ചേല്‍പ്പിച്ചുകൊണ്ട് കോര്‍പറേറ്റ് വല്‍ക്കരണത്തിലൂടെ പരിസ്ഥിതിയെ നശിപ്പിച്ച് ഗുജറാത്തില്‍ നടപ്പാക്കിയ വികസന മാതൃകയാണ് ലക്ഷദ്വീപിലും  നടപ്പാക്കുന്നതെന്ന് പ്രതിഷേധ കൂട്ടായ്മയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. കേരളവുമായി പരമ്പരാഗതമായി നിലനില്‍ക്കുന്ന സാംസ്‌കാരിക സാമ്പത്തിക വ്യാപാര ബന്ധങ്ങളെ തകര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങളാണ് ലക്ഷദ്വീപില്‍ അശാന്തി പടര്‍ത്തുന്നതിലൂടെ കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ നടത്തുന്നത്. ലോക കേരളസഭ അംഗവും പൊതുജനാരോഗ്യ വിദഗ്ധനുമായ ഡോ.മുബാറക്ക് സാനി പ്രതിഷേധ കൂട്ടായ്മയില്‍ അധ്യക്ഷത വഹിച്ചു. ജല രക്ഷാധികാരി താഹ കൊല്ലേത്ത്, വി.കെ.റഊഫ്, സി.കെ.മൗലവി, എ.എം.അബ്ദുല്ല കുട്ടി, ഷിബു തിരുവനന്തപുരം, ഷാനവാസ്, ഹാരിസ് കല്ലായി, മുഹമ്മദ് സാലിഹ് കാസര്‍ഗോഡ്, മുഹമ്മദലി എടക്കര, എം.കെ.ഓമനക്കുട്ടന്‍, വെന്നിയൂര്‍ ദേവന്‍, റസല്‍ കരുനാഗപ്പള്ളി എന്നിവര്‍ സംസാരിച്ചു.