റിയാദ്: സൗദി അറേബ്യയുടെ 91-ാമത് ദേശീയ ദിനം ആഘോഷിക്കുന്നതിനിടെ വ്യാഴാഴ്ച വൈകീട്ട് ഇറാന്‍ പിന്തുണയുള്ള ഹൂത്തി ഭീകരര്‍ സൗദിക്കുനേരെ അഞ്ച് സായുധ ഡ്രോണുകള്‍ വിക്ഷേപിച്ചുവെന്ന് സൗദി അറേബ്യയുടെ ഔദ്യോഗീക വാര്‍ത്താ ചാനലായ  അല്‍-ഇഖ്ബരിയ ടിവിയും സൗദ്യോഗീക വാര്‍ത്താ ഏജന്‍സിയായ സൗദി പ്രസ് ഏജന്‍സിയും റിപ്പോര്‍ട്ട് ചെയ്തു.

നാശനഷ്ടങ്ങള്‍ വിതക്കും മുമ്പ് തിരമാലകളായി വന്ന ആയുധം നിറച്ച ഡ്രോണുകള്‍ സഖ്യസേനയുടെ കീഴിലുള്ള വ്യോമ പ്രതിരോധ സേന തടയുകയും നശിപ്പിക്കുകയും ചെയ്തതായി യമനിലെ നിയമാനുസൃത സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന സംയുക്ത സഖ്യസേനയുടെ വക്താവിനെ ഉദ്ദരിച്ച് സൗദി അറേബ്യയുടെ ഔദ്യോഗീക ടെലിവിഷന്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.

'അതിര്‍ത്തി കടന്നുള്ള ശത്രുതാപരമായ ആക്രമണങ്ങളെ നിര്‍വീര്യമാക്കുന്നതിനും നശിപ്പിക്കുന്നതിനും സൗദി അറേബ്യയുടെയും പൗരന്മാരുടെയും പ്രവാസികളുടേയും സുരക്ഷ സംരക്ഷിക്കുന്നതിനും ആവശ്യമായ എല്ലാ പ്രവര്‍ത്തന നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് സംയുക്ത സേന കമാന്‍ഡ് സ്ഥിരീകരിച്ചതായി സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സൗദി ദേശീയ ദിനാഘോഷങ്ങള്‍ തുടരുന്നതിനിടെ അര്‍ദ്ധരാത്രിക്ക് തൊട്ടുമുമ്പാണ് നാലാമത്തെയും അഞ്ചാമത്തെയും ഡ്രോണുകള്‍ വന്നതെന്ന് അല്‍-എഖ്ബാരിയ ടിവി റിപ്പോര്‍ട്ട് ചെയ്തു.

ബുധനാഴ്ച, ഹൂതി ഭീകരര്‍ സൗദിയുടെ തെക്ക് പടിഞ്ഞാറന്‍ നഗരമായ ഖമീസ് മുഷൈത്തിന് നേരെ മൂന്ന് ഡ്രോണുകള്‍ വിക്ഷേപിച്ചിരുന്നു. ഹൂതികള്‍ ആക്രമിക്കാന്‍ പദ്ധതിയിട്ടിരുന്ന സ്‌ഫോടക വസ്തുക്കള്‍ നിറച്ച രണ്ട് ബോട്ടുകള്‍ യമനിലെ വടക്കുപടിഞ്ഞാറന്‍ തുറമുഖ നഗരമായ ഹുദൈദയില്‍ തിങ്കളാഴ്ച സഖ്യസേന വെടിവെച്ച് നശിപ്പിക്കുകയും ചെയ്തിരുന്നു.

Content highlights:  Houthi attempt to disrupt National Day celebrations by drone strike defeated by Allied forces