റിയാദ്: ഈ വര്‍ഷത്തെ വാര്‍ഷിക ഹജ്ജ് തീര്‍ത്ഥാടനം സംബന്ധിച്ച് ദൗദ്യോഗിക നിര്‍ദ്ദേശങ്ങളൊന്നും ഇതുവരെ നല്‍കിയിട്ടില്ലെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. ഇത് സംബന്ധമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു മന്ത്രാലയം. ഉംറയ്ക്ക് പെര്‍മിറ്റ് നല്‍കുമെന്ന് അവകാശപ്പെടുന്ന സോഷ്യല്‍ മീഡിയയിലെ പരസ്യങ്ങളൊന്നും ശരിയല്ലെന്നും അവ ശ്രദ്ധിക്കരുതെന്നും മന്ത്രാലയം വിശ്വാസികളോട് ആവശ്യപ്പെട്ടു.

ലോകമെമ്പാടുമുള്ള എല്ലാ മുസ്ലീംകളെയും ഹജ്ജ് അനുഷ്ഠാനങ്ങള്‍ നടത്താന്‍ അനുവദിക്കണമെന്ന്  സൗദി അറേബ്യക്ക് താല്‍പര്യമുണ്ടെന്ന് മന്ത്രാലയ വക്താവ് ഹിഷാം സയീദ് 'അല്‍ അറബിയ.നെറ്റ്'' നോട് പറഞ്ഞു. എന്നിരുന്നാലും തീര്‍ത്ഥാടകരുടെ സുരക്ഷയ്ക്ക് മന്ത്രാലയം ഒന്നാം സ്ഥാനം നല്‍കുന്നു. കൊറോണ വൈറസ് പകര്‍ച്ചവ്യാധി പടര്‍ന്നുപിടിച്ചതിനാല്‍ പരിമിതമായ എണ്ണം ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് മാത്രമാണ് കഴിഞ്ഞ വര്‍ഷം ഹജ്ജ് നടത്താന്‍ അനുവാദം നല്‍കിയിരുന്നത്.

ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശാനുസരണം കൊറോണ വൈറസ് പ്രതിരോധ പ്രോട്ടോക്കോളുകള്‍ക്കനുസൃതമായി വിദേശ, ആഭ്യന്തര തീര്‍ഥാടകര്‍ക്ക് ഉംറ നിര്‍വഹിക്കുവാന്‍ കഴിയുമെന്ന് ഹജ്ജ്, ഉംറ ഡെപ്യൂട്ടി മന്ത്രി ഡോ.അബ്ദുല്‍ ഫത്താഹ് മഷാത് നേരത്തെ പറഞ്ഞിരുന്നു.

ഉംറ നിര്‍വഹിക്കാനുള്ള നടപടിക്രമങ്ങള്‍ ഇഅ്തമര്‍ന, തവക്കല്‍ന ആപ്പിലൂടെ പൂര്‍ത്തിയാക്കാനാകും. ആഭ്യന്തര, വിദേശ തീര്‍ത്ഥാടകരെ ഉംറ നിര്‍വഹിക്കാന്‍ അനുവദിക്കുമ്പോള്‍ മുന്‍കരുതല്‍ നടപടികള്‍ പാലിക്കുന്നത് ഉറപ്പുവരുത്തുവാനാണ് മുന്‍ഗണന നല്‍കുന്നതെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.