ജിദ്ദ: കൊറോണ വൈറസ് സുരക്ഷാ നടപടികള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി, സ്മാര്‍ട്ട് കാര്‍ഡും ഔദ്യോഗിക അനുമതി പത്രവുമില്ലാതെ ആരെയും ഹജ്ജ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു.

ഹജ്ജ് അനുമതി പത്രം ഇലക്ട്രോണിക്ക് കാര്‍ഡുമായും തീര്‍ത്ഥാടകരുടെ തിരിച്ചറിയല്‍ കാര്‍ഡുമായും പൊരുത്തപ്പെടണമെന്ന് ഹജ്ജ് ഉംറ ഉപമന്ത്രി ഡോ.അബദൂുള്‍ ഫത്താ മഷാത്ത് പറഞ്ഞു. മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഒഴികെ ഹജ്ജിനായി അപേക്ഷിക്കാന്‍ മറ്റു വേദിയൊന്നുമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

'മന്ത്രാലയത്തിന്റെ സംവിധാനത്തിനു പുറത്ത് സേവന പാക്കേജുകള്‍ വാഗ്ദാനം ചെയ്യുന്ന ഏതൊരു കമ്പനിയും നിയമലംഘകരായി കണക്കാക്കുമെന്ന് ഡോ.അബ്ദുള്‍ ഫത്താ മഷാത്ത് പറഞ്ഞു.

'ഇഅ്തമാര്‍ന ആപ്പി''ന്റെ ആദ്യഘട്ടത്തില്‍, ചില എന്റിറ്റികളും വ്യക്തികളും നടത്തിയ ചില ലംഘനങ്ങള്‍ ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു. പക്ഷേ കാലക്രമേണ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഇതുസംബന്ധമായി അവബോധം വര്‍ധിക്കാന്‍ ശ്രമം തുടങ്ങി. ഡോ.അബ്ദുള്‍ ഫത്താ മഷാത്ത് പറഞ്ഞു.

ഈ വര്‍ഷത്തെ ഹജ്ജ് അനുമതി 'അബ്ഷര്‍'' പ്ളാറ്റ്ഫോമിലൂടെ മാത്രം ഉപയോഗിക്കുമെന്ന് മഷാത് പറഞ്ഞു. മന്ത്രാലയത്തിന്റെ പ്ളാറ്റ്ഫോം വഴി ഹജ്ജ് പാക്കേജുകള്‍ വാങ്ങിയവര്‍ക്കുള്ള വിവരങ്ങള്‍ അബ്ഷീറുമായും അവരുടെ ഐഡിയുമായും ലിങ്ക് ചെയ്യും.

കഴിഞ്ഞ ദിവസംവരെ 4,70,000 അപേക്ഷകള്‍ ഹജ്ജ് കര്‍മ്മം ആഗ്രഹിക്കുന്നവരില്‍നിന്നും ലഭിച്ചതായി ഉപമന്ത്രി പറഞ്ഞു. ഇതില്‍ നിന്നും രോഗപ്രതിരോധ വ്യവസ്ഥകള്‍ പാലിക്കുകയും മുമ്പ് ഹജ്ജ് കര്‍മ്മം നിര്‍വഹിക്കാത്തവരുമായ 60,000 പേരെയായിരിക്കും തിരഞ്ഞെടുക്കുക.