ജിദ്ദ: ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടനം പൂര്‍ത്തിയായി.  കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ആയിരത്തോളം ഹാജിമാരെ മാത്രം പങ്കെടുപ്പിച്ചുള്ള  ഹജ്ജ് ചരിത്രത്തില്‍ ഇടം പിടിച്ചു. 

ഇത്തവണ പുണ്യ ഭൂമിയില്‍ ഇഹ്റാം വേഷധാരികളുടെ ഒഴുക്കുണ്ടായിരുന്നില്ല. പരമ കാരുണികനെ വാഴ്ത്തികൊണ്ട് ആയിരം പേര്‍  മാത്രം ഹജ്ജ് അനുഷ്ഠിച്ചു. ആ ആയിരം പേര്‍ ലോകത്താകമാനമുള്ള ഇസ്ലാം മത വിശ്വാസികളുടെ പ്രതിനിധികളായിരുന്നു.  ഇന്ന് ഹാജിമാര്‍ മൂന്നാം ദിവസത്തെ കല്ലേറ് കര്‍മ്മത്തില്‍ പങ്കെടുത്തു. ഹറമിലെത്തി ത്വവാഫുല്‍ വിദാഹ്  പൂര്‍ത്തിയാക്കി. ഇതോടെ ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടനം പൂര്‍ത്തിയായി. ഹജ്ജ് അനുഷ്ഠിച്ച ആയിരം പേരില്‍ എഴുന്നൂറ് പേരും സൗദിയില്‍ ഉള്ള വിദേശികള്‍ ആയിരുന്നു. സൗദിക്ക് പുറത്ത് നിന്നുള്ള ആര്‍ക്കും  ഇത്തവണ ഹജ്ജിന് അനുമതി നല്‍കിയിരുന്നില്ല. ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയാണ് തീര്‍ത്ഥാടകരെ പുണ്യ ഭൂമിയില്‍ പ്രവേശിക്കാന്‍ അനുവദിച്ചത്. ചടങ്ങുകളുടെ ഓരോ ഘട്ടത്തിലും ഹാജിമാര്‍ക്ക് വൈദ്യ പരിശോധന ഉറപ്പ് വരുത്തിയരുന്നു. ശാരീരിക  അകലം പാലിച്ചു കൊണ്ടായിരുന്നു ഹാജിമാര്‍ക്ക് താമസ സൗകര്യം ഒരുക്കിയത്. പുണ്യ ഭൂമിയില്‍ നിന്ന് സൗദിയുടെ വിവിധ പ്രവിശ്യകളിലേക്ക് മടങ്ങുന്ന ഹാജിമാര്‍ ഇനി ആരോഗ്യ വകുപ്പ് നിര്‍ദേശിക്കുന്ന അത്രയും ദിവസം ക്വാറന്റീന്‍ പൂര്‍ത്തിയാക്കണം.