മക്ക: ഹജ്ജ് അനുമതി പത്രമില്ലാതെ മക്കയിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെ 52 തീര്‍ഥാടകരെ പിടികൂടിയതായി ഹജ്ജ് സുരക്ഷാവിഭാഗം കമാന്‍ഡര്‍ വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ സമി അല്‍-ഷുവൈറഖ് പറഞ്ഞു. ഓരോ നിയമലംഘകര്‍ക്കും 10,000 സൗദി റിയാല്‍ വിതം പിഴ ഈടാക്കിയതായും അദ്ദേഹം പറഞ്ഞു.

ഈ വര്‍ഷത്തെ ഹജ്ജ് കാലയളവില്‍ ബന്ധപ്പെട്ട അധികാരികള്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ എല്ലാ പൗരന്മാരോടും പ്രവാസികളോടും അല്‍-ഷുവൈറഖ് ആവശ്യപ്പെട്ടു.

ദുല്‍ഹജജ് 13 വരെ ഹറം, സെന്‍ട്രല്‍ ഹറം ഏരിയ, മിന, മുസ്ദലിഫ, അറഫാത്ത് എന്നിവിടങ്ങളിലെ പുണ്യസ്ഥലങ്ങളില്‍ ഹജ്ജ് അനുമതിപത്രമില്ലാതെ പ്രവേശിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ സുരക്ഷാ സേന ശിക്ഷാനടപടികള്‍ സ്വീകരിക്കും. കുറ്റം ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഹജ്ജ് തീര്‍ത്ഥാടനത്തിന് 13 ദിവസം മുമ്പ്, ജൂലായ് 5 മുതലാണ് അനുമതി പത്രമില്ലാതെ പുണ്യ സ്ഥലങ്ങളിലേക്ക് പ്രവേശിക്കുന്നത് നിരോധിച്ചത്. ജൂലായ് 18 ന് ഹജ്ജ് കര്‍മ്മത്തിന് തുടക്കമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അനുമതിയില്ലാതെ ഹജ്ജ് കര്‍മ്മത്തിനെത്തുന്നവരെ തടയുവാനായി എല്ലാ റോഡുകളിലും സുരക്ഷാ ചെക്ക് പോസ്റ്റുകളിലും, ഹറമിന് ചുറ്റുമുള്ള സെന്‍ട്രല്‍ ഏരിയയിലേക്ക് നയിക്കുന്ന സൈറ്റുകളിലും ഇടനാഴികളിലും സുരക്ഷാ ഉദ്യോഗസ്ഥര്‍ നിലയുറപ്പിച്ചതായി അടുത്തിടെ സൗദി ആഭ്യന്തര മന്ത്രാലയം  ഒരു പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു.