റിയാദ്: റിയാദ് ഇന്റര്‍നാഷണല്‍ ബുക്ക് ഫെയര്‍ 2021 സന്ദര്‍ശകര്‍ക്ക് വേദിയിലേക്ക് സൗജന്യ പ്രവേശനം അനുവദിക്കുമെന്ന് സാഹിത്യ, പ്രസിദ്ധീകരണ, വിവര്‍ത്തന കമ്മീഷന്‍ പ്രഖ്യാപിച്ചു. എന്നാല്‍ സന്ദര്‍ശകര്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കണം. ഒക്‌ടോബര്‍ 1 മുതല്‍ 10 വരെയാണ് അന്താരാഷ്ട്ര പുസ്തകമേള 'റിയാദ് ഫ്രണ്ടില്‍' നടക്കുകം.

എല്ലാവരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനായി കോവിഡ് -19 ഹെല്‍ത്ത് പ്രോട്ടോക്കോളുമായി ബ്ധപ്പെട്ട ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതിനും ആരോഗ്യസ്ഥിതി വ്യക്തമാക്കുന്നതിനും ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തവക്കല്‍ന ആപ്‌ളിക്കേഷനുമായി ലിങ്ക് ചെയ്യും. പങ്കെടുക്കുന്ന പ്രസാധകരുമായി ഏകോപിപ്പിച്ച് തയ്യാറാക്കിയ വെര്‍ച്വല്‍ എക്‌സിബിഷനിലൂടെ പുസ്തകങ്ങള്‍ ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്യാനുള്ള സൗകര്യം ബുക്ക് ഫെയറിന്റെ നിലവിലെ പതിപ്പില്‍ ഉണ്ടെന്ന് കമ്മീഷന്‍ വെളിപ്പെടുത്തി. വെര്‍ച്വല്‍ പ്‌ളാറ്റ്‌ഫോം തുറക്കുന്നത് പ്രദര്‍ശനം ഔദ്യോഗീകമായി ആരംഭിക്കുന്നതിനോടനുബ്ധിച്ചായിരിക്കും. പുസ്തകങ്ങള്‍ വാങ്ങാന്‍ താല്‍പ്പര്യമുള്ളവരും എന്നാല്‍ എക്‌സിബിഷന്‍ നേരിട്ട് സന്ദര്‍ശിക്കാന്‍ കഴിയാത്തവരേയും ഉദ്ദേശിച്ചാണ് പുതിയ സേവനം.

ബുക്ക് സൈനിംഗ് പ്‌ളാറ്റ്‌ഫോമുകളുമായി ബന്ധപ്പെട്ട്, ആരോഗ്യ ആവശ്യകതയുടെ ഭാഗമായി ചില മുന്‍കരുതല്‍ നടപടികള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് കമ്മീഷന്‍ വിശദീകരിച്ചു. ഇലക്‌ട്രോണിക് പ്‌ളാറ്റ്‌ഫോമില്‍ ബുക്ക് സൈനിംഗിനായി കമ്മീഷന്‍ സ്‌ളോട്ടുകള്‍ റിസര്‍വ് ചെയ്യുന്നതിനുള്ള സേവനവും അനുവദിച്ചിട്ടുണ്ട്. 28 രാജ്യങ്ങളില്‍ നിന്നുള്ള ആയിരത്തിലധികം പ്രസാധക സ്ഥാപനങ്ങള്‍ പുസ്തകമേളയുടെ പുതിയ പതിപ്പില്‍ പങ്കെടുക്കും.