റിയാദില്‍ ഈദ് ആഘോഷങ്ങള്‍ക്കു തുടക്കമായി. സൗദി കമ്മീഷന്‍ ഫോര്‍ ടൂറിസം ആന്റ് നാഷണല്‍ ഹെരിറ്റേജും നഗരസഭകളും ചേര്‍ന്നാണ് വിനോദ, വിജ്ഞാന പരിപാടികള്‍ സംഘടിപ്പിക്കുന്നത്.

റിയാദില്‍ മുപ്പത് കേന്ദ്രങ്ങളില്‍ പെരുന്നാള്‍ ആഘോഷ പരിപാടികളാണ് ഒരുക്കിയിട്ടുളളത്. വിവിധ നഗരങ്ങളില്‍ വൈവിധ്യമാര്‍ന്ന 160 പരിപാടികളാണ് നടക്കുന്നത്. ഖസ്റുല്‍ ഹുകും ഏരിയയിലെ അല്‍ അദ്ല്‍ ചത്വരത്തിലാണ് മുഖ്യ പരിപാടികള്‍ അരങ്ങേറുന്നത്. പരമ്പരാഗത കലാരൂപങ്ങളും അഭ്യാസ പ്രകടനങ്ങളും ഇവിടെ നടക്കും. മലസിലെ കിംഗ് അബ്ദുല്ല പാര്‍ക്കില്‍ പരമ്പരാഗത നൃത്തമായ അര്‍ദ, സാമിരി, അല്‍ഹദ, ഖുത്വ ഉള്‍പ്പെടെയുള്ള നടക്കും. സംഗീത വിരുന്നും ഒരുക്കിയിട്ടുണ്ട്. സൗദി കമ്മീഷന്‍ ഫോര്‍ ടൂറിസം ആന്റ് നാഷണല്‍ ഹെരിറ്റേജിന്റെ നേതൃത്വത്തില്‍ 34 നഗരങ്ങളില്‍ 150 ലേറെ പരിപാടികള്‍ വരും ദിവസങ്ങളില്‍ നടക്കും. 

ദമ്മാം ചേംബര്‍ ഓഫ് കൊമേഴ്സ് 40 വിനോദ പരിപാടികളാണ് ഈദിനോടനുബന്ധിച്ച് ഒരുക്കിയിട്ടുളളത്. ഗവര്‍ണര്‍ അമീര്‍ സഊദ് ബിന്‍ നായിഫ് ഇന്ന് രാത്രി 10ന് പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. ദമാം കോര്‍ണിഷിലും ബഖീഖിലും കരിമരുന്ന് പ്രയോഗവും ഇന്ന് നടക്കും. ചൈനീസ് അഭ്യാസ പ്രകടനം, നാടകങ്ങള്‍, സംഗീത വിരുന്നുകള്‍ എന്നിവയും അരങ്ങേറും. അല്‍കോബാര്‍, ജുബൈല്‍, റാസ്തന്നൂറ, ബഖീഖ്, ഖഫ്ജി, നഈരിയ എന്നിവിടങ്ങളില്‍ രാത്രി 9.30 ന് കരിമരുന്ന് പ്രയോഗം ആരംഭിക്കും. ഇന്ന് ദമാമിലും ബഖീലുമാണ് ന്നു കരിമരുന്ന് പ്രയോഗം. നാളെ ജുബൈലിലും നഈരിയയിലും അല്‍കോബാറിലും വര്‍ണ വിസ്മയം തീര്‍ക്കുന്ന കരിമരുന്ന് പ്രയോഗം നടക്കും.