റിയാദ്: രണ്ടാം ഘട്ട ഡോസ് കോവിഡ്19 വാക്സിനുള്ള ഷെഡ്യൂള്‍ ജൂലൈ ആദ്യവാരം മുതല്‍ നല്‍കിത്തുടങ്ങുമെന്ന് സൗദി ആരോഗ്യ മന്ത്രാലയത്തെ (എംഎച്ച്) ഉദ്ധരിച്ച് സൗദി അറേബ്യയുടെ ഔദ്യോഗിക വാര്‍ത്താ ചാനലായ അല്‍-എഖ്ബാരിയ ടിവി റിപ്പോര്‍ട്ട് ചെയ്തു. ആദ്യ ഡോസ് വാക്സിനെടുത്തവര്‍ക്കാണ് രണ്ടാം ഡോസ് വിതരണം ചെയ്യുക.

വാക്സിനേഷന്റെ ആദ്യ ഡോസ് ധാരാളം ആളുകള്‍ക്ക്, പ്രത്യേകിച്ച് ഉയര്‍ന്ന അപകടസാധ്യതയുള്ളവര്‍ക്ക് നല്‍കേണ്ടതുള്ളതിനാല്‍ രണ്ടാമത്തെ ഡോസ് വിതരണം ചെയ്യുന്നത് മാറ്റിവയ്ക്കുന്നതായി ഏപ്രില്‍ 10 ന് സൗദി ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. വാക്സിന്‍ നിര്‍മാണത്തിലും വിതരണത്തിലും ആഗോള ക്ഷാമം ഉണ്ടായതിനാലാണ് ഈ നടപടിയെന്നും മന്ത്രാലയം അറിയിച്ചിരുന്നു. രണ്ടാംഘട്ട വാക്സിന്‍ ഡോസ് 60 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് മന്ത്രാലയം അടുത്തിടെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ രണ്ടാംഘട്ട വാക്സിന്‍ എല്ലാ പ്രായത്തിലുവര്‍ക്കും നല്‍കും. 
 
രാജ്യത്തെ ജനസംഖ്യയുടെ 45 ശതമാനം പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് കൊവിഡ്19 വാക്സിനെങ്കിലും ലഭിച്ചതിനുശേഷമാണ് രണ്ടാമത്തെ ഡോസ് വിതരണം ആരംഭിക്കുന്നത്.

കായിക, വിനോദ പരിപാടികളില്‍ പങ്കെടുക്കാനും സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാനും വിവിധ സ്വകാര്യ, പൊതുസ്ഥാപനങ്ങളില്‍ പ്രവേശിക്കാനും ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും ആഗസ്റ്റ് 1 മുതല്‍ വാക്സിനേഷന്‍ നിര്‍ബന്ധമാണെന്ന് ആഭ്യന്തര മന്ത്രാലയം അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.