റിയാദ്: കൊറോണ വൈറസ് വാക്സിനേഷന്‍ സേവനം ലഭ്യമാക്കുന്ന ആദ്യത്തെ കമ്മ്യൂണിറ്റി ഫാര്‍മസിയായി അല്‍-ദാവ ഫാര്‍മസിയെ ആരോഗ്യ മന്ത്രാലയം അംഗീകരിച്ചു. രാജ്യത്തൊട്ടാകെയുള്ള ശാഖകളിലൂടെ ഇവര്‍ക്ക് വാക്‌സിന്‍ നല്‍കാനാവും.

കൊറോണ വൈറസ് വാക്സിനുകള്‍ എല്ലാ ശാഖകളിലൂടെയും നല്‍കുന്നതിന് അല്‍ ദാവ ഫാര്‍മസിയും ആരോഗ്യ മന്ത്രാലയവും തമ്മില്‍ ബുധനാഴ്ച പങ്കാളിത്ത കരാര്‍ ഒപ്പിട്ടു. ഫാര്‍മസിയില്‍ നിന്നും സൗദികള്‍ക്കും പ്രവാസികള്‍ക്കും വാക്സിന്‍ നല്‍കുന്ന തീയതി ഉടന്‍ പ്രഖ്യാപിക്കുമെന്ന് ഫാര്‍മസിയില്‍ നിന്നുള്ള പ്രസ്താവനയില്‍ പറഞ്ഞു.

പകര്‍ച്ചവ്യാധിയുടെ പൂര്‍ണ നിയന്ത്രണം നേടുന്നതിന് രാജ്യം അംഗീകരിച്ച തന്ത്രപരമായ പദ്ധതിയുടെ ഭാഗമായാണ് ഈ പങ്കാളിത്തം നടപ്പാക്കുന്നതെന്ന് പ്രസ്താവനയില്‍ പറയുന്നു. പദ്ധതി പ്രകാരം, മികച്ച സേവനവും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള എല്ലാ മാര്‍ഗങ്ങളും സൗകര്യങ്ങളും ഒരുക്കണമെന്ന് സൗദി അറേബ്യ താത്പര്യപ്പെടുന്നുണ്ട്.

ആരോഗ്യ മന്ത്രാലയവും അല്‍-ദാവ ഫാര്‍മസിയും തമ്മിലുള്ള സഹകരണത്തിന്റെ അടിസ്ഥാനം പൗരന്മാരുടെയും പ്രവാസികളുടെയും ആരോഗ്യം വര്‍ദ്ധിപ്പിക്കുക എന്നതാണ്. 

ദേശീയ വാക്സിനേഷന്‍ കാമ്പയിന്‍ രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കുന്നതിനുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് നിര്‍ദ്ദിഷ്ട ഫാര്‍മസി വഴി വാക്സിന്‍ വിതരണം നടത്താന്‍ ഉദ്ദശിക്കുന്നത്. വാര്‍ഷിക ഹജ്ജ് തീര്‍ത്ഥാടനം നടത്താന്‍ ആഗ്രഹിക്കുന്ന അപേക്ഷകര്‍ക്ക് കൊറോണ വൈറസ് വാക്സിന്‍ ഒരു മുന്‍ വ്യവസ്ഥയായിരിക്കുമെന്നും മന്ത്രി അറിയിച്ചു. ഹജ്ജ്, ഉംറ സീസണുകളില്‍ വാക്സിനേഷന്‍ കമ്മിറ്റി രൂപീകരിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം, രാജ്യത്തുടനീളമുള്ള എല്ലാ ഫാര്‍മസികളിലും കൊറോണ വൈറസ് വാക്സിനുകള്‍ സൗജന്യമായി നല്‍കുമെന്നും ആരോഗ്യമന്ത്രി ഡോ.തൗഫീഖ് അല്‍ റബീഅയെ ഉദ്ധരിച്ച് ചില വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചയ്തിട്ടുണ്ട്.