അബഹ/ജിദ്ദ: കാസര്‍ഗോഡ് നീലേശ്വരം തൈക്കടപ്പുറം സ്വദേശികളായ ഷംസുദ്ദീന്‍, മൊയ്തീന്‍ കുഞ്ഞി എന്നീ സഹോദരങ്ങള്‍ക്ക് ദുരിതാനുഭവങ്ങളാണ് പ്രവാസ ജീവിതത്തില്‍ നേരിടേണ്ടിവന്നത്. അസീര്‍ പ്രവിശ്യയിലെ മഹായിലില്‍ പലചരക്ക് കടയും, ഹോട്ടലും, പെട്രോള്‍ പമ്പും ഉള്‍ക്കൊള്ളുന്ന സ്ഥാപനത്തില്‍ ജോലി ചെയ്യവേയാണ് ഇരുവരുരേയും ദുരിതം പിടിമുറുക്കുന്നത്. സ്ഥാപനത്തിന്റെ ഉടമയും സ്ഥലമുടമയും സ്വദേശികളാണ്. എട്ടു വര്‍ഷം മുമ്പ് നിതാഖാത് നിയമം പ്രാബല്യത്തില്‍ വരുന്ന സമയമായതിനാല്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമായി.

സ്ഥലമുടമ വായ്പയെടുത്ത് പുതുതായി വാങ്ങിയ കൊമേര്‍ഷ്യല്‍ വാഹനത്തിന്റെ തിരിച്ചടവ് ഇവരുടെ ബാധ്യതയാക്കി വെക്കുകയും വാഹനം കുറഞ്ഞ വിലക്ക് മറ്റൊരാള്‍ക്ക് വില്‍ക്കുകയും ചെയ്തതോടെ വലിയ സാമ്പത്തിക ബാധ്യതയാണ് ഷംസുദ്ദീനും മൊയ്ദുവിനും ഏല്‍ക്കേണ്ടി വന്നത്. അതേ സമയം വാഹനം വാങ്ങുമ്പോള്‍ ഇവരില്‍ നിന്നും ഒപ്പുവെച്ച് വാങ്ങിയ കടലാസ്സില്‍ അറുപതിനായിരം റിയാലിന്റെ അധിക ബാധ്യത സ്ഥലമുടമ എഴുതിച്ചേര്‍ക്കുകയും ആ തുക ഇവരില്‍ നിന്ന് ഈടാക്കാനുള്ള ശ്രമം നടത്തുകയും ചെയ്തു. അതോടൊപ്പം ഇവര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.

മാസങ്ങള്‍ക്കു ശേഷമാണ് ഇവര്‍ ചതിക്കപ്പെട്ട വിവരം അറിയുന്നത്. സ്വദേശിവല്‍ക്കരണം കാരണം സ്ഥാപനത്തിലെ ജോലി നഷ്ടപ്പെടുകയും മറ്റൊരു ജോലിക്കായി ഇരുവരും ശ്രമിക്കുന്നതിനിടയില്‍ കെട്ടിട ഉടമ നേരത്തെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷിച്ചു വരികയും ഇരുവരെയും അറസ്റ്റ് ചെയ്തു ജയിലടക്കുകയുമായിരുന്നു. മൂന്നു വര്‍ഷക്കാലമാണ് ഇരുവര്‍ക്കും ജയില്‍വാസമനുഭവിക്കേണ്ടി വന്നത്. ജയിലില്‍ കഴിയവേ സൗദി ഭരണകൂടത്തിന്റെ സഹായത്തോടെ സ്ഥലമുടമയ്ക്കു ബാധ്യതയായിട്ടുള്ള തുക കോടതി മുഖേന അടച്ചു തീര്‍ക്കാന്‍ സാധിച്ചതിനാല്‍ ഇരുവര്‍ക്കും മോചനം ലഭിക്കുകയും തര്‍ഹീല്‍ വഴി നാട്ടിലേക്കയക്കാന്‍ വിധിയാവുകയും ചെയ്തു.

എന്നാല്‍ കോവിഡ് വ്യാപനത്തിന്റെ പശ്ചാാത്തലത്തില്‍ തര്‍ഹീല്‍ സംവിധാനം പ്രവര്‍ത്തിക്കാതിരുന്നതിനാല്‍ നാട്ടിലേക്കു പോകാനുള്ള സാഹചര്യവും വൈകുകയായിരുന്നു.  അപ്പോഴാണ് മുമ്പ് ജോലിചെയ്തിരുന്ന മഹായിലിലെ ഇന്ത്യന്‍ സോഷ്യല്‍ ഫോറം വളണ്ടിയറായ അസ്‌ലം മുണ്ടക്കലുമായി ഷംസുദ്ദീനും മൊയ്ദുവും ബന്ധപ്പെടുന്നത്. അദ്ദേഹം സോഷ്യല്‍ ഫോറം അസീര്‍ സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റും കോണ്‍സുലേറ്റിന്റെ സാമൂഹിക ക്ഷേമ വിഭാഗം വളണ്ടിയറുമായ ഹനീഫ മഞ്ചേശ്വരവുമായി ബന്ധപ്പെട്ട്  ഇരുവര്‍ക്കും നാടണയാനുള്ള രേഖകള്‍ക്കുള്ള ശ്രമം തുടങ്ങി. എന്നാല്‍ രണ്ടു പേരുടെയും സ്‌പോണ്‍സര്‍മാര്‍ രണ്ടിടങ്ങളിലായത് കാര്യങ്ങള്‍ വൈകാനിടയായി. മൊയ്ദുവിന്റെ ജിദ്ദയിലുള്ള സ്‌പോണ്‍സിറില്‍ നിന്നുമുള്ള രേഖകള്‍ ശരിയാക്കാന്‍ സോഷ്യല്‍ ഫോറം അസീര്‍ സെന്‍ട്രല്‍ കമ്മറ്റി പ്രസിഡണ്ട് കോയ ചേലേമ്പ്ര മുഖേന സോഷ്യല്‍ ഫോറം ജിദ്ദ കേരള സ്‌റ്റേറ്റ് ജനറല്‍ സെക്രട്ടറി കോയിസ്സന്‍ ബീരാന്‍കുട്ടിയും, വെല്‍ഫെയര്‍ വളണ്ടിയര്‍ ഹസൈനാര്‍ മാരായമംഗലവും വിഷയം ഏറ്റെടുത്തു.

ഇതിനിടെ ഒരാളുടെ പാസ്സ്‌പോര്‍ട്ട് നഷ്ടപ്പെട്ടതിനാല്‍ ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നിന്നും ഔട്ട് പാസ്  അനുവദിച്ചു കിട്ടാനും അപേക്ഷ നല്‍കി. ജയില്‍ മോചിതരായി ഒരുവര്‍ഷത്തിലധികമായിട്ടും എട്ടു വര്‍ഷത്തോളമായി നാടണയാനാകാതെ കുഴങ്ങുകയായിരുന്നു ഇരുവരും. മഹായിലിലെയും അബഹയിലെയും ജിദ്ദയിലെയും  ഇന്ത്യന്‍ സോഷ്യല്‍ ഫോറം വെല്‍ഫെയര്‍ വളണ്ടിയര്‍മാര്‍ സമയോചിതമായും പരസ്പരം ബന്ധപ്പെട്ടും പ്രവര്‍ത്തിച്ചതിനാല്‍ ഇരുവരുടെയും മടക്കയാത്രക്കുള്ള രേഖകള്‍ സംബന്ധിച്ച നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ സാധിച്ചു.

ജോലി നഷ്ടപ്പെടുകയും ജയിലിലായതിനാല്‍ ഉറ്റവരെയും ഉടയവരെയും കാണാനാകാതെ വിഷമിക്കുകയും ചെയ്ത സഹോദരങ്ങള്‍ ജയില്‍ മോചനത്തിന് ശേഷമുള്ള ഒരു വര്‍ഷക്കാലം സുഹൃത്തുക്കളുടെ സഹായത്തോടെയാണ് കഴിഞ്ഞിരുന്നത്. പ്രവാസത്തിലെ നല്ലൊരു ഭാഗവും ദുരിത ജീവിതം നയിക്കേണ്ടിവന്ന ഷംസുദ്ദീനും മൊയ്ദുവും നാടണയാനുള്ള വഴിതെളിയിച്ച ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഭാരവാഹികളോടുള്ള നന്ദി അറിയിച്ചുകൊണ്ടാണ് കഴിഞ്ഞ ദിവസം ജിദ്ദയില്‍ നിന്നും കൊച്ചിയിലേക്കുള്ള വിമാനത്തില്‍ യാത്രയായത്.