ജിദ്ദ: ജീവകാരുണ്യ സാംസ്‌കാരിക രംഗത്ത് ജിദ്ദയിലെ നിറ സാനിദ്ധ്യമായ ജിദ്ദ നവോദയയുടെ 29 -ാമത് കേന്ദ്ര സമ്മേളനത്തിനു മുന്നോടിയായുള്ള യൂണിറ്റ് സമ്മേളനങ്ങള്‍ക്ക് തുടക്കമായി. മദീന, മക്ക, യാമ്പു, ജിദ്ദ എന്നീ മേഖലകളിലെ യൂണിറ്റുകളിലാണ് ഇപ്പോള്‍ സമ്മേളനങ്ങള്‍ നടക്കുന്നത്.

72 യൂണിറ്റ് സമ്മേളനങ്ങള്‍ പൂര്‍ത്തിയാകുന്നതോട് കൂടി 12 ഏരിയ സമ്മേളനങ്ങള്‍ നടത്തി ഡിസംബര്‍ പകുതിയോടു കൂടി കേന്ദ്ര സമ്മേളനം നടത്താനാണ് നവോദയ കേന്ദ്ര കമ്മറ്റി തീരുമാനിച്ചിരിക്കുന്നത്.

രണ്ടുവര്‍ഷം കൂടുമ്പോഴാണ് നവോദയയുടെ സമ്മേളനങ്ങള്‍ സാധാരണയായി നടത്താറുള്ളത്. 2020ല്‍ നടകേണ്ട സമ്മേളനം കോവിഡ് പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ മാറ്റി വച്ചിരുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് ഓണ്‍ ലൈനിലും ഓഫ് ലൈനിലും ആയാണ് സമ്മേളനങ്ങള്‍ നടത്തുന്നത്.

കഴിഞ്ഞ മൂന്ന് വര്‍ഷകാലം നവോദയ നടത്തിയിട്ടുള്ള ജീവകാരുണ്യ, സാംസ്‌കാരിക പ്രവര്‍ത്തങ്ങള്‍ വിശദമായി വിശകലനം ചെയ്ത് വിമര്‍ശനവും സ്വയം വിമര്‍ശനവുമായിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ സ്വാംശീകരിച്ചുകൊണ്ടാണ് യൂണിറ്റ് സമ്മേളനങ്ങള്‍ക്കും ഏരിയ സമ്മേളനങ്ങള്‍ക്കും ശേഷം കേന്ദ്ര സമ്മേളനം അവസാനിക്കുക.