തലപ്പുഴ: സൗദിയില്‍ 11 വര്‍ഷം മുമ്പ് കാണാതായ തലപ്പുഴ സ്വദേശിയായ യുവാവ് മരിച്ചതായി സ്ഥിരികരിച്ചു. തലപ്പുഴ ചുങ്കം ചോലയ്ക്കല്‍ മുഹമ്മദിന്റെയും അലീമയുടെയും മകന്‍ അബ്ദുല്‍ നാസര്‍ (22) മരിച്ചതായാണ് സൗദിയിലെ ഇന്ത്യന്‍ എംബസി അധികൃതര്‍ അറിയിച്ചത്. റിയാദിലെ സുലൈയില്‍ അല്‍ദ്രീസ് പെട്രോള്‍ പമ്പില്‍ ജോലി ചെയ്യുന്നതിനിടെ 2008 സെപ്റ്റംബര്‍ മുതലാണ് അബ്ദുല്‍ നാസറിനെ കാണാതായത്.
രേഖകളെന്തെങ്കിലും ഇല്ലാത്തതിനാല്‍ പോലീസ് പിടിയിലായിരിക്കുമെന്നാണ് കുടുംബവും നാട്ടുകാരും ഇതുവരെ കരുതിയിരുന്നത്. മുഖ്യമന്ത്രി, പ്രവാസിവകുപ്പുമന്ത്രി, ഇന്ത്യന്‍ എംബസി എന്നിവര്‍ക്കെല്ലാം കുടുംബം നേരത്തെ പരാതി നല്‍കിയിരുന്നു. ഒടുവില്‍ ഇന്ത്യന്‍ എംബസിയുടെ അന്വേഷണത്തിലാണ് അബ്ദുല്‍ നാസര്‍ മരിച്ചതായി കണ്ടെത്തിയത്. ഈ വിവരം എംബസി അധികൃതര്‍ വ്യാഴാഴ്ചയാണ് കുടുംബത്തെ അറിയിച്ചത്. ഭാര്യ: നജ്മത്ത്. മകള്‍: നജ ഫാത്തിമ.
content highlights: missing malayalee Abdul Nasar died, report says