മക്ക: കൊറോണ വൈറസിനെതിരെയുള്ള വാക്സിന്‍ എടുക്കണമെന്ന് വിശുദ്ധ മക്കയിലെ ഇമാമും പ്രഭാഷകനുമായ ഷെയ്ഖ് അബ്ദുല്ല അല്‍ ജുഹാനി നിര്‍ദ്ദേശിച്ചു. അതേസമയം കൊറോണ വാക്സിന്റെ ഫലപ്രാപ്തിയെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്കെതിരെ ഇമാം മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. വെള്ളിയാഴ്ച നടന്ന ഖുതുബ പ്രഭാഷണത്തിലാണ് ഇമാം ഇക്കാര്യം പറഞ്ഞത്.
രോഗം ബാധിച്ചവര്‍ നിയമാനുസൃതമായി ചികിത്സിക്കുന്നതിനെ ഇസ്ലാം മതം പ്രേരിപ്പിക്കുന്നുണ്ട്. വാക്സിന്‍ ഫലപ്രദമല്ലെന്ന് പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ വിശ്വസിക്കരുതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
സുരക്ഷ ഉറപ്പുവരുത്തുന്നതിനും കൊറോണ വരാനുള്ള സാധ്യത ഒഴിവാക്കുന്നതിനും പൗരന്മാര്‍ക്കും താമസക്കാര്‍ക്കും ഈ വാക്സിന്‍ സൗജന്യമായി നല്‍കുന്ന, പ്രത്യേകിച്ചും മറ്റുള്ളവരില്‍ ആത്മവിശ്വാസമുണ്ടാക്കാന്‍ വാക്സിന്‍ ആദ്യമായി എടുത്ത സൗദി ഭരണാധികാരികളെ അല്‍ ജുഹാനി പ്രകീര്‍ത്തിച്ചു.
ജനങ്ങളില്‍ വൈറസ് പടരാതിരിക്കാന്‍ മുന്‍കൈയെടുക്കുന്നതിന്റെ ഭാഗമായി വാക്സിന്‍ എടുത്ത് ആരോഗ്യം കാത്ത് സൂക്ഷിക്കേണ്ടത് ഓരോജനങ്ങളുയും കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.