റിയാദ്: വിവാഹക്കരാര്‍ ഒപ്പിടുന്നതിന് കാര്‍ ഓടിക്കാന്‍ അനുമതിനല്‍കണമെന്ന സൗദിയിലെ യുവതിയുടെ ആവശ്യം സാമൂഹികമാധ്യമങ്ങളില്‍ തരംഗമാകുന്നു. ഭരണാധികാരി സല്‍മാന്‍ രാജാവ് വനിതകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കാന്‍ ഉത്തരവിട്ടതിന് പിന്നാലെയാണ് യുവതിയുടെ ആവശ്യം.
 
സൗദിയില്‍ വിവാഹിതരാകുന്നതിനുള്ള വധൂവരന്‍മാരുടെ വിവാഹക്കരാറിന് ഏറെ പ്രാധാന്യമാണുള്ളത്. വധുവിന്റെ അനുമതിയില്ലാതെ വരനെ തിരഞ്ഞെടുക്കാന്‍ രക്ഷിതാക്കള്‍ക്ക് അവകാശമില്ല. വധുവിന്റെ രക്ഷകര്‍ത്താക്കളും വരനും തമ്മില്‍ ഉണ്ടാക്കുന്ന വിവാഹക്കരാര്‍ അസാധുവാണ്. വരനും വധുവും മുന്നോട്ടുവെക്കുന്ന വ്യവസ്ഥകള്‍ മാത്രമാണ് വിവാഹക്കരാറിന് ആധാരമായി പരിഗണിക്കുന്നത്.

വധു വരന് നല്‍കുന്ന സ്ത്രീധനസമ്പ്രദായം സൗദിയിലില്ല. എന്നാല്‍ വരന്‍ വധുവിന് വിവാഹമൂല്യം അഥവാ മഹര്‍ നല്‍കണം. ഇത് എന്താണെന്ന് മുന്‍കൂട്ടി അറിയാനുള്ള അവകാശവും വധുവിന് ഉണ്ട്. ഇതെല്ലാം നിക്കാഹിനുമുമ്പ് തയ്യാറാക്കുന്ന വിവാഹ ഉടമ്പടിയില്‍ രേഖപ്പെടുത്തും. ഇത്തരത്തിലുള്ള കരാറിലാണ് വിവാഹം കഴിഞ്ഞാല്‍ കാര്‍ ഓടിക്കാനുള്ള അവകാശം തടയരുതെന്ന് യുവതി ആവശ്യപ്പെട്ടത്.
 
ഇതിനുപുറമേ പുതിയ മോഡല്‍ കാര്‍ വാങ്ങിത്തരണമെന്നും യുവതി കരാറില്‍ വ്യവസ്ഥചെയ്തിട്ടുണ്ട്. സൗദിയിലെ വടക്കന്‍ പ്രവിശ്യയായ ഹായിലിലുള്ള യുവതി മുന്നോട്ടുവെച്ച വിവാഹക്കരാര്‍ സാമൂഹികമാധ്യമങ്ങളില്‍ ഇതിനകം വൈറലായി. മൂന്നുദിവസം മുമ്പാണ് സല്‍മാന്‍ രാജാവ് വനിതകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കാന്‍ ഉത്തരവ് പുറപ്പെടുവിച്ചത്. അടുത്തവര്‍ഷം ജൂണ്‍ 24 മുതല്‍ ലൈസന്‍സ് വിതരണം തുടങ്ങുതിനുള്ള തയ്യാറെടുപ്പിലാണ് സൗദി അറേബ്യ.